swapna-sarith-sandeep

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻ.ഐ.എ. കേസിൽ എൻ.ഐ.എ പ്രതി ചേർത്തവർക്കെതിരെ എൻഫോഴ്‌സ്മെന്റും കേസെടുത്തിട്ടുണ്ട്. സരിത്, സ്വപ്ന, റമീസ്, സന്ദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കള്ളക്കടത്ത് സ്വർണം ഉപയോഗിച്ച് ഇവർ സ്വത്ത് സമ്പാദനം നടത്തിയോ എന്നായിരിക്കും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം.

കളളക്കടത്തിന്റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കും. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അടുത്തദിവസം തന്നെ ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും തുടങ്ങി.

അതേസമയം, കഴിഞ്ഞ ദിവസം റിമാൻഡിലായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷയും കോടതിയിലുണ്ട്. എട്ട് കോടി രൂപ സ്വർണക്കടത്ത് ഇടപാടിനായി പ്രതികൾ സമാഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികൾക്ക് സ്വർണം വിൽക്കാൻ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നത്.