kanam-pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഇടതുമുന്നണിയിൽ കലാപം ഉയർത്താൻ ഒരുങ്ങി സി.പി.ഐ. വിഷയം പാർട്ടിയ്ക്കകത്ത് ചർച്ച ചെയ്‌തില്ലെങ്കിലും കൊവിഡ് പ്രതിരോധത്തിൽ സർക്കാർ കെട്ടിപൊക്കിയ ഇമേജ് തകർന്നു എന്ന നിലപാടാണ് സി.പി.ഐയിലെ പ്രമുഖ നേതാക്കൾക്കുള്ളത്. ഇക്കാര്യം പാർട്ടിയിലെ പല പ്രമുഖരും പാർട്ടി സെക്രട്ടറിയെ അറിയിച്ച് കഴിഞ്ഞു. എക്സിക്യൂട്ടീവ് ചർച്ച ചെയ്യാതെ നേതാക്കൾ പരസ്യമായി പ്രതികരിക്കേണ്ട എന്ന തീരുമാനമാണ് പാർട്ടി നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് വഷളായിട്ടും ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാത്ത സർക്കാർ നടപടിക്കെതിരെ സി.പി.ഐക്കകത്ത് കടുത്ത അമർഷമുണ്ട്. പ്രതിപക്ഷത്തിന്റെ കയ്യിൽ ആയുധം വച്ച് കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് എന്നാണ് പല നേതാക്കളും പറയുന്നത്. മന്ത്രിസഭയിലെ സി.പി.ഐ അംഗങ്ങൾക്കും സർക്കാർ നടപടിയിൽ കടുത്ത എതിർപ്പുണ്ട്.

ശിവശങ്കറിനെ രണ്ട് ദിവസത്തിനകം സസ്‌പെൻഡ് ചെയ്യുമെന്നാണ് സി.പി.ഐ പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞും നടപടിയുണ്ടായില്ലെങ്കിൽ സി.പി.ഐ മന്ത്രിമാർ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ എതിർപ്പ് അറിയിക്കും. സർക്കാരിനെതിരെ പരസ്യപ്രതികരണത്തിനും സി.പി.ഐ മുതിരും. ഇതിനായി കടുത്ത സമ്മർദം പാർട്ടിസെക്രട്ടറിയായ കാനത്തിന് മേലുണ്ട്. പാർട്ടി എക്സിക്യൂട്ടീവ് ചർച്ച ചെയ്യാത്തതിനാലാണ് വിഷയത്തിന്മേൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പ്രതികരിക്കാൻ തയ്യാറാകാത്തത്.

സ്പ്രിൻക്ലർ വിവാദം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിന്ന പാർട്ടിയായിരുന്നു സി.പി.ഐ. എന്നാൽ തന്റെ വിശ്വസ്‌തനായ ഉദ്യോഗസ്ഥനെ മാറ്റി നിർത്താൻ അന്ന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. തൊട്ടുപിന്നാലെ സ്വർണക്കടത്ത് വിവാദം വന്നതോടെ തങ്ങൾ അന്ന് പറഞ്ഞ നിലപാട് ശരിയായി എന്ന നിലപാടായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. എന്നാൽ സി.പി.ഐയുടെ അവകാശവാദത്തെ തള്ളികളയുന്ന നിലപാടായിരുന്നു ഇടതുമുന്നണി കൺവീനർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.