clash

പെരുമ്പാവൂർ: പെട്രോൾ പമ്പിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിയ ഇരുപതുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെരുമ്പാവൂർ പാറപ്പുറം ചെറുവള്ളിക്കുടി സ‍ഞ്ജു എന്നയാളാണ് പിടിയിലായത്. നാട്ടുകാരുടെ മർദ്ദനമേറ്റ ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്.

പാട്ടാലിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പെട്രോൾ അടിക്കാനെത്തിയ സ‍ഞ്ജുവിന്റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ കയറി. ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അടിപിടിയിലെത്തുകയുമായിരുന്നു. ഇതിനിടെ യുവാവിനെയും ഒപ്പമുണ്ടായിരുന്നവരെയും പേടിപ്പിക്കാനായി സ‍ഞ്ജു അരയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് തലങ്ങും വിലങ്ങും വീശി. നാട്ടുകാർ മാറിനിന്നതോടെ സഞ്ജു സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതുകണ്ട് ഓടിയെത്തിയ നാട്ടുകാർ സ്കൂട്ടർ മറിച്ചിട്ട് സഞ്ജുവിനെ പിടികൂടി. നിലത്തുവീണ അയാളെ നാട്ടുകാർ കൈത്തരിപ്പ് തീരുവോളം തല്ലി. കൈകൾ കെട്ടിയിട്ടശേഷം പൊലീസിനെ വിവരമറിയിച്ചു. സഞ്ജുവിന്റെ ശരീരത്തിൽ മുറിവുകളു‌ള‌ളതിനാൽ ആശുപത്രിയിലാക്കി.