തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷാ പരിശോധനകളോടെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ആരംഭിച്ചു. 343 കേന്ദ്രങ്ങളിലായി രാവിലെ 10.30 നാണ് പരീക്ഷ ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30വരെയും 2.30 മുതൽ വൈകിട്ട് 5 വരെയുമാണ് പരീക്ഷ. അദ്ധ്യാപകരടക്കം 20,000 പേരെയാണ് പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 9.30 ന് തന്നെ കുട്ടികൾ മാസ്ക് ധരിച്ച് പരീക്ഷാ ഹാളിലെത്തണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഹാൾ ട്ടിക്കറ്റ് പരിശോധിച്ച ശേഷം തെർമൽ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും നൽകി. സാമൂഹ്യ അകലം പാലിച്ചാണ് ഹാളിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുളളവർക്കും ക്വാറന്റൈനിൽ നിന്ന് വരുന്നവർക്കും പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. തിരുവനന്തപുരത്തെ സൂപ്പർ സ്പ്രെഡ് ബാധിത മേഖലകളിലെ കുട്ടികൾക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്. എസിലാണ് കേന്ദ്രം. പരീക്ഷ എഴുതുന്നവർക്കായി കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തി. ആഗസ്റ്റ് 15 നകം ഫലം പ്രസിദ്ധീകരിക്കും.