sivasankar-swapna

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസുകാർക്കിടയിൽ 'പ്രശ്‌ന പരിഹാരി' എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ അറിയപ്പെട്ടിരുന്നത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തോട് വലിയ മതിപ്പായിരുന്നു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന് മേലുള്ള വിശ്വാസ്യതയാണ് മറ്റ് ഉദ്യോഗസ്ഥരെ മറികടന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്ത് എത്തിച്ചത്.

സംസ്ഥാന സിവിൽ സർവീസ് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻമാരിൽ ഒരാളായ എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചിരുന്നത്. മിതഭാഷിയായ ഈ ഉദ്യോഗസ്ഥൻ ഏതാണ്ട് രണ്ട് വർഷം മുമ്പ് ഐ.എ.എസ് അസോസിയേഷനുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

ശിവശങ്കറിനെ തന്റെ പ്രിൻസിപ്പൾ സെക്രട്ടറിയായി നിയമിക്കാനുള്ള പിണറായിയുടെ തീരുമാനം അധികാരത്തിന്റെ ഇടനാഴികളെ നിയന്ത്രിച്ചിരുന്ന പല ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. കൺഫേഡ് ഐ.എ.എസ് നേടിയ ഒരു ഉദ്യോഗസ്ഥൻ ആദ്യമായി ഇത്രയും വലിയ പദവിയിൽ എത്തിയെങ്കിൽ അത് ശിവശങ്കർ മാത്രമാണ്. സിവിൽ സർവ്വീസിലേക്ക് കടക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ശിവശങ്കർ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. റിസർവ് ബാങ്കിൽ നിന്നാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് എന്നത് പലർക്കും അറിയാത്ത കാര്യമാണ്.

ഡെപ്യൂട്ടി കളക്ടറായി നിയമിതനായതിനെത്തുടർന്ന് 1995 ൽ അദ്ദേഹത്തിന് ഐ‌.എ‌.എസ് ലഭിച്ചു. ആദ്യത്തെ സ്‌മാർട്ട് റേഷൻ കാർഡ് പുറത്തിറക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ ഷോപ്പായ ഫ്രണ്ട്സ് നടപ്പിലാക്കിയതിന് പിന്നിലും ശിവശങ്കറാണ്. വിവിധ വകുപ്പുകളിൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. വൈദ്യുതി സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ തേടി കെ.എസ്.ഇ.ബി ചെയർമാൻ പദവിയെത്തുന്നത്.

ശിവശങ്കർ യാതൊരു കളങ്കവുമില്ലാതെ നേരുള്ള ഒരു ഉദ്യോഗസ്ഥനാണെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന്റെ പേര് ബന്ധിപ്പിച്ചപ്പോൾ വലിയൊരു ഞെട്ടലായെന്നും അദ്ദേഹം പറയുന്നു. ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിന്റെ പ്രോജക്ട് മാനേജരായി സ്വപ്‌നയെ നിയമിച്ചതിൽ ശിവശങ്കറിന് തെറ്റുപറ്റില്ലെന്നാണ് ഭൂരിഭാഗം ഐ‌.എ‌.എസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് അനുയോജ്യയായ ഉദ്യോഗസ്ഥയെ ആവശ്യപ്പെട്ടത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സാണെന്നും ഐ.ടി വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം അവർ സ്വപ്‌നയെ സമീപിച്ചുവെന്നുമാണ് പലരും കരുതുന്നത്. എന്നാൽ ശിവശങ്കറിന് സ്വപ്‌നയുമായുള്ള അടുത്ത ബന്ധം അദ്ദേഹം ഈ കെണിയിൽ വീഴാൻ കാരണമായെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.