vaccine

ന്യൂഡൽഹി: വിവിധ ലോകരാജ്യങ്ങൾ നടത്തുന്ന കൊവിഡ് വാക്‌സിൻ ഗവേഷണങ്ങൾ പലതും ഫലപ്രാപ്‌തിയുടെ അടുത്തെത്തുകയാണ്. ഏതാണ്ട് നൂറിലധികം വാക്സിനുകൾ ഇത്തരത്തിൽ വികസിപ്പിക്കുകയാണ്. ബുധനാഴ്ച ലഭിക്കുന്ന വിവരമനുസരിച്ച് ഓക്‌സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരിൽ ഏതാണ്ട് പൂർത്തിയായി. ഇന്ന് തന്നെ വാക്‌സിൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ഇത്തരത്തിൽ വാക്‌സിൻ കണ്ടെത്തി കഴിഞ്ഞാൽ ലോകമാകെ മരുന്നിന്റെ ന്യായമായ വിതരണം വാക്‌സിൻ വികസിപ്പിച്ച രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് സ്‌പെയിൻ, ന്യൂസിലാന്റ്,ദക്ഷിണ കൊറിയ,എത്യോപ്യ, കാനഡ മുതലായ രാജ്യങ്ങൾ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ഇക്കാര്യം ട്വിറ്ററിലൂടെ ആവശ്യപ്പെട്ട് കഴിഞ്ഞു. 'വാക്‌സിനുകൾ ജീവൻ രക്ഷിക്കുന്നു.അതിനാലാണ് നാമോരോരുത്തരും ലോകമാകെ ഒരു വാക്സിൻ കണ്ടെത്താനായി ശ്രമിക്കുന്നത്. അത്തരത്തിൽ വാക്സിൻ കണ്ടെത്തി കഴിയുമ്പോൾ ലോകമാകെയുള‌ള ജനങ്ങൾക്ക് അവ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം.' ട്രുഡോ ട്വിറ്ററിൽ കുറിച്ചു. വിവിധ ലോക നേതാക്കളെയും തന്റെ ട്വീറ്റിൽ ട്രൂ‌ഡോ ടാഗ് ചെയ്തിട്ടുണ്ട്.

ലോകമാകെയുള‌ള ജനങ്ങളിൽ വാക്‌സിൻ വിതരണം അസമത്വമുണ്ടാക്കാൻ പാടില്ലെന്ന് ഈ ലോക നേതാക്കൾ കരുതുന്നു. രാജ്യങ്ങൾ തമ്മിലെ ബഹുമുഖമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആധാരമാകും ഈ വാക്‌സിൻ എന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ഓക്‌സ്‌ഫോർഡ് സർവകലാശാലക്ക് പുറമേ ജെവ സാങ്കേതികവിദ്യ കമ്പനിയായ മോഡേണയുടെ വാക്‌സിനും അതിവേഗം വികസിപ്പിക്കുകയാണ്. ഈ വാക്‌സിന്റെ മനുഷ്യനിലുള‌ള അന്തിമഘട്ട പരീക്ഷണം ജുലായ് 27ന് ആരംഭിക്കും.