കൊച്ചി: സ്വർണക്കടത്ത് കേസിൽ ബംഗളൂരുവിൽ പിടിയിലായ സന്ദീപ് നായരിൽ നിന്ന് എൻ ഐ എ പിടിച്ചെടുത്ത രസഹ്യബാഗിൽ നിർണായക രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ട്. പണം നൽകിയവരുടെ വിശദാംശങ്ങളും സഹകരണ ബാങ്കിലെ 8 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളുമാണ് ബാഗിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഇതിനാെപ്പം ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഡയറി, ലാപ്ടോപ് എന്നിവയും കണ്ടെടുത്തു. ഡയറിയിൽ മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണുള്ളത്. സ്വർണക്കടത്തിന് പണം നൽകിയവരുടെ വിശദവിരങ്ങളാണോ ഇതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം ഉറപ്പിക്കാനായി സന്ദീപ് നായരെ വീണ്ടും ചോദ്യംചെയ്തേക്കും. ഡയറിയിലുളള പേരുകാരിലേക്കും അന്വേഷണം നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികൾ രാത്രി ഏഴരയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തന്നെ ബാഗ് തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി എൻ ഐ. എ സംഘം കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതനുവദിച്ച കോടതി ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഇതിനായി വിട്ടുനൽകി.
തുടർന്നാണ് എൻ ഐ എ സംഘം ഇന്നലെ ബാഗ് കോടതിയിൽ എത്തിച്ചത്. പരിശോധന പൂർണമായും വീഡിയോയിൽ പകർത്തി. എൻ ഐ എ കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തുമ്പോൾ എൻ ഐ എ അന്വേഷണ ഉദ്യോഗസ്ഥർ, കോടതി പ്രതിഭാഗത്തിനു വേണ്ടി നിയോഗിച്ച ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷക എന്നിവരും ഉണ്ടായിരുന്നു.വൈകിട്ട് ഏഴോടെ ജഡ്ജി കോടതിയിൽ നിന്ന് മടങ്ങി. ബാഗിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് പരിശോധന പൂർത്തിയാക്കിയത്.