ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണമെന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഗ്രഹമാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രം നടത്തിപ്പിനുള്ള അവകാശം ഒരു ആചാരമാണെന്നും നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ഈ ആചാരം നിലനിൽക്കുക തന്നെ ചെയ്യണമെന്നും വിധി വ്യക്തമാക്കിയിരിക്കുന്നു.
രാജകുടുംബത്തോടും വിശ്വാസി സമൂഹത്തോടുമുള്ള കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഈ വിധി.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തിരുവനന്തപുരം മുൻസിഫ് കോടതി മുതൽ പരമോന്നത കോടതിയായ സുപ്രീംകോടതി വരെ 13 വർഷം നീണ്ടുനിന്ന വ്യവഹാരങ്ങൾക്കാണ് 2020 ജൂലായ് 13 സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയാകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകൾ കൈകാര്യം ചെയ്യുന്ന കേസിൽ 2007 സെപ്തംബർ 13-ാം തീയതി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് അന്നത്തെ പ്രിൻസിപ്പൽ സബ് ജഡ്ജി എസ്.വാസൻ ഉത്തരവിട്ടതോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള തർക്കം ജനസമൂഹത്തിൽ എത്തുന്നത്. തുടർന്ന്, 2011 ജനുവരി 31 ന് ഹൈക്കോടതി തിരുവിതാംകൂർ രാജകുടുംബത്തിന് പദ്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ അവകാശമില്ലെന്നും ഇതിനായി സർക്കാർ മുൻകൈയെടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും വിധിച്ചു.
ഈ വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിപ്പ് തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്മേലുള്ള അധികാരം തിരുവിതാംകൂർ രാജകുടുംബത്തിൽത്തന്നെ നിക്ഷിപ്തമാണെന്നും 1949ൽ തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരും കേന്ദ്രസർക്കാരും തമ്മിൽ ഒപ്പുവച്ച കവനന്റിന് ഇന്നും പ്രസക്തിയുണ്ടെന്നും സുപ്രീം കോടതി ഈ വിധിയിൽ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കുന്നു.
ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് പദ്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠയ്ക്ക് അതായത് വിഗ്രഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള ഭരണപരമായ അവകാശം മാത്രമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവിതാംകൂറിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തെ വിശ്വാസികളുടെ അഭിമാനമാണ് ശ്രീപത്മനാഭ സ്വാമിയുടെ മഹാക്ഷേത്രം. തിരുവിതാംകൂർ രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരി ശ്രീപദ്മനാഭനാണ്. രാജ്യം ശ്രീപദ്മനാഭന്റെ പാദത്തിങ്കൽ സമർപ്പിച്ച് ഭഗവാന്റെ പ്രതിനിധിയായി മാത്രമാണ് രാജാവ് ഭരണം നടത്തിവന്നത്.
1750ൽ രാജ്യം ശ്രീപദ്മനാഭന്റെ കാൽക്കൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി ഉടവാൾ തൃപ്പടിദാനം മുതൽ പദ്മനാഭ ദാസനായാണ് തിരുവിതാംകൂർ രാജാക്കന്മാർ രാജഭരണം നടത്തിയിരുന്നത്. 2011ലെ ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ക്ഷേത്രത്തിനുള്ളിലെ കല്ലറകളിലെ സ്വത്തുക്കളുടെ മൂല്യനിർണ്ണയം നടത്താൻ തീരുമാനിച്ചത്. അതനുസരിച്ച് അതിലേക്കായി നിയോഗിച്ച വിദഗ്ദ്ധ സമിതി മൂല്യനിർണയം പൂർത്തിയാക്കി. ഏകദേശം രണ്ടുലക്ഷം കോടി വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കല്ലറയിലുണ്ടെന്നാണ് വിദഗ്ദ്ധ സമിതി കണ്ടെത്തിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ടെത്തിയ സ്വത്തുക്കൾ ശ്രീപദ്മനാഭന്റെ തന്നെയാണെന്നും അത് അവിടെത്തന്നെ സംരക്ഷിക്കണമെന്നുമായിരുന്നു യു.ഡി.എഫ്. സർക്കാർ സ്വീകരിച്ച നിലപാട്. അതായിരുന്നു വിശ്വാസി സമൂഹത്തിന്റെ ആഗ്രഹവും. എന്നാൽ, ഇതിനുവിരുദ്ധമായിരുന്നു എൽ.ഡി.എഫ് നിലപാട്. അമുല്യനിധിയുടെ സംരക്ഷണത്തിനായി യു.ഡി.എഫ് സർക്കാർ സുരക്ഷാ സംവിധാനങ്ങൾക്കായി 65 കോടിയോളം രൂപ ചെലവഴിക്കുകയും, എസ്.പി. ഉൾപ്പെടെ 250 ഓളം പൊലീസുകാരുടെ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു.
രണ്ടുലക്ഷം കോടിയിൽപ്പരം വിലമതിക്കുന്ന അമൂല്യ സമ്പത്ത് കല്ലറയിലുണ്ടെങ്കിലും ദൈനംദിന കാര്യങ്ങൾക്ക് സാമ്പത്തികമായി ഭദ്രമായ ഒരു അടിത്തറ ഇപ്പോൾ ക്ഷേത്രത്തിനില്ല. അതിനാൽ ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി 2015ൽ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത 280 കോടി അടിയന്തരമായി നൽകാനുള്ള നടപടി സ്വീകരിക്കണം. വിശ്വാസി സമൂഹത്തോടൊപ്പം നിൽക്കുന്ന നിലപാടാണ് യു.ഡി.എഫ്. സർക്കാർ എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്തി ഭക്തരെ വേദനിപ്പിക്കുന്ന തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ക്ഷേത്ര ഭരണച്ചുമതലയിലുള്ള ചില ഉദ്യോഗസ്ഥർ കൈക്കൊണ്ടപ്പോൾ ഭക്തർക്കൊപ്പം നിന്ന് അതിനെ ചെറുക്കാൻ കഴിഞ്ഞത് ആ പ്രദേശത്തെ ജനപ്രതിനിധിയെന്ന നിലയിൽ സ്മരിക്കുകയാണ്.
ആരാധനാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ അനാവശ്യമായി സർക്കാർ ഇടപെടുമ്പോഴാണ് വിശ്വാസികൾ ദുഃഖിതരാകുന്നതും വ്രണിത ഹൃദയത്തോടെ അവർ പ്രതികരിക്കുന്നതും. ശബരിമല വിഷയത്തിൽ ഇത് വ്യക്തമായതാണ്.
ശ്രീപദ്മനാഭന്റെ പേരിൽ അറിയപ്പെടുന്ന പൈതൃക നഗരമായ തിരുവനന്തപുരത്തിനും ജാതിമതഭേദമന്യേ തിരുവനന്തപുരത്തുകാർക്കും പദ്മനാഭസ്വാമിക്ഷേത്രം എന്നത് ഒരു വിശ്വാസം മാത്രമല്ല ഒരു വികാരവുമാണ്. സാംസ്കാരിക പൈതൃകത്തിനും മതേതര കാഴ്ചപ്പാടിനും ഏറ്റവും വലിയ ഉദാഹരണമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്. സ്വാമിയുടെ വിഗ്രഹം തിരമാലകളിൽ ആറാടുമ്പോൾ അതിന് കടലിൽ സംരക്ഷണം ഒരുക്കുന്നത് ഇന്നും അവിടെയുളള മത്സ്യത്തൊഴിലാളി സഹോദരങ്ങളാണെന്നുള്ളത് മതേതരത്വത്തിന് മാറ്റ് കൂട്ടുന്നു.
(മുൻ ദേവസ്വം മന്ത്രിയാണ് ലേഖകൻ)