ഡളളാസ്: കൊവിഡ് രോഗം സൃഷ്‌ടിച്ച ആഗോള പ്രതിസന്ധി മൂലം വരുമാനം കുത്തനെ കുറഞ്ഞതോടെ അമേരിക്കൻ വിമാന കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ വരുമാനത്തിൽ നിന്ന് 80 ശതമാനം കുറവാണ് അമേരിക്കൻ എയർലൈൻസ് കമ്പനി ഈ വർഷം ലഭിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ഒക്ടോബർ മാസത്തോടെ 25,000 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ' ഒക്‌ടോബർ 1ഓടെ വിമാന ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ ആ പ്രതീക്ഷ നഷ്‌ടമായിരിക്കുകയാണ്.' അമേരിക്കൻ എയർലൈൻസ് സി ഇ ഒ ഡഗ് പാർക്കർ ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറയുന്നു. ഏപ്രിൽ മാസം മുതൽ ഭാഗികമായി വ്യോമഗതാഗതം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല.
അമേരിക്കൻ വിമാന കമ്പനികൾ ജീവനക്കാർക്ക് ഒക്ടോബർ വരെ ശമ്പള വിതരണത്തിനായി 25 ബില്യൺ ഡോളർ സർക്കാരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. എന്നാൽ നിലവിലെ സ്ഥിതിയിൽ ഒക്ടോബറോടെ 36000 പേർക്ക് ജോലി നഷ്ടമാകുമെന്ന് വിമാന കമ്പനികൾ അറിയിച്ച് കഴിഞ്ഞു. 2000 പൈലറ്റുകൾക്ക് ഡെൽറ്റ എയർലൈൻസ് നോട്ടീസ് നൽകി കഴിഞ്ഞു. പുറത്ത് പോകുന്നതും വിരമിക്കുന്നതുമായ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ 2.7 മുതൽ 3.3 ബില്യൺ അമേരിക്കൻ ഡോളർ സഹായം കമ്പനി നൽകും. 17000 ജീവനക്കാരാണ് കമ്പനിയിൽ നിന്ന് പിരിഞ്ഞുപോകാൻ താൽപര്യം അറിയിച്ചിരിക്കുന്നത്. പിരിഞ്ഞ് പോകുന്നവർക്ക് ലഭിക്കാനുളള തുകയും, ആരോഗ്യ ഇൻഷ്വറൻസും, വിരമിക്കുന്നവർക്ക് ആനുകൂല്യവും നൽകും.