തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന. അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള വകുപ്പുതല നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതിയാണ് ശിവശങ്കറിനെതിരായ അന്വേഷണം നടത്തുന്നത്.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനായ ശിവശങ്കറിൽ നിന്ന് വലിയ വീഴ്ചകൾ ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. റിപ്പോർട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. കേസും കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും എം.ശിവശങ്കറിനെ സംരക്ഷിക്കുന്നത് സർക്കാരിനെ വലിയ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.
സി.പി.എം, സി.പി.ഐ നേതാക്കൾക്കിടയിലും വലിയ അതൃപ്തിയാണ് ഇക്കാര്യത്തിൽ നിലവിലുള്ളത്. സി.പി.എം നേതാക്കുമായി മുഖ്യമന്ത്രി സാചര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന തസ്തികകളിൽ നിന്ന് ശിവശങ്കറിനെ മാറ്റി നിർത്തിയെങ്കിലും വകുപ്പ് തല നടപടി തന്നെ വേണമെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. സ്വർണക്കടത്ത് പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്നത്.