മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ
ചിത്രമായിരുന്നു ഡെന്നീസ് ജോസഫ്-തമ്പി കണ്ണന്താനം
കൂട്ടുകെട്ടിന്റെ രാജാവിന്റെ മകൻ. മോഹൻലാൽ എന്ന
നടനെ മലയാള സിനിമയിലെ സൂപ്പർ താരമാക്കി
മാറ്റിയതിൽ ഈ ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ
വിൻസന്റ് ഗോമസ് എന്ന കഥാപാത്രം എന്നും തിളങ്ങി
നിൽക്കും. രാജാവിന്റെ മകൻ റിലീസ് ചെയ്തിട്ട്
ഇന്ന് 34 വർഷം തികയുന്നു
മനോജ് വിജയരാജ്
'' ഒരിക്കൽ രാജു മോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്. രാജകുമാരൻ. രാജാവിന്റെ മകൻ യെസ് െഎ ആം എ പ്രിൻസ്. അണ്ടർ വേൾഡ് പ്രിൻസ് . അധോലോകങ്ങളുടെ രാജ കുമാരൻ."" 34 വർഷം മുൻപ് ഇതേ പോലെ ഒരു വെള്ളിയാഴ്ച ദിവസം കേരളത്തിലെ തിയേറ്ററുകളിൽ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ പറഞ്ഞ ഡയലോഗിന് ഹർഷാരവം സാക്ഷ്യം വഹിച്ചുവെന്നതു മാത്രമല്ല പ്രത്യേകത.മോഹൻലാൽ എന്ന സൂപ്പർതാരത്തെ സൃഷ്ടിക്കുക കൂടിയായിരുന്നു രാജാവിന്റെ മകൻ എന്ന സിനിമ. ഒരൊറ്റ സിനിമയിലൂടെ സൂപ്പർ സംവിധായക പദവിയിലേക്ക് തമ്പി കണ്ണന്താനവും ഉയർന്നു. ആൻസി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അംബികയും കൃഷ്ണദാസ് എന്ന മന്ത്രി വേഷത്തിൽ എത്തിയ രതീഷിനും രാജാവിന്റെ മകൻ വീണ്ടും കൈയടി നേടി കൊടുത്തു. ചെറിയ വേഷങ്ങളിൽ അഭിനയിച്ച സുരേഷ് ഗോപിക്ക് രാജാവിന്റെ മകൻ നൽകിയത് പുതു ജീവിതം .മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജാവിന്റെ മകൻ മലയാളിക്ക് പ്രിയപ്പെട്ട സിനിമയായി നിൽക്കുന്നു. ഒപ്പം മോഹൻലാൽ എന്ന നടനും. രണ്ടു വർഷം മുൻപ് തമ്പി കണ്ണന്താനം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഒാർമകളിലും രാജാവിന്റെ മകൻ എന്ന സിനിമ നിറഞ്ഞുനിന്നിരുന്നു.രാജാവിന്റെ മകൻ റീമേക്ക് ചെയ്യണമെന്ന മോഹം മോഹൻലാൽ അന്ന് വെളിപ്പെടുത്തിയപ്പോൾ ഉറപ്പിക്കാം ആ സിനിമ താരത്തിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്. രാജാവിന്റെ മകൻ സിനിമയെ വെല്ലുന്നതായിരുന്നു അണിയറക്കഥ. മമ്മൂട്ടിയെ മനസിൽ കണ്ടാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രാജാവിന്റെ മകൻ എഴുതിയത്. പക്ഷേ അന്ന് മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ചില്ല. രാജാവിന്റെ മകൻ ഉണ്ടാവുന്നതു തന്നെ സംവിധായകൻ തമ്പി കണ്ണന്താനത്തിനുവേണ്ടിയായിരുന്നു എന്നതാണ് സത്യം.ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മാറ്റിയെടുക്കണമെന്ന തമ്പി കണ്ണന്താനത്തിന്റെ വാശിയാണ് രാജാവിന്റെ മകന്റെ പിറവിക്ക് കാരണം. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി തുടങ്ങിയപ്പോൾ തമ്പി കണ്ണന്താനത്തിന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. എന്നാൽ തമ്പി കണ്ണന്താനത്തെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ തമ്പി കണ്ണന്താനം തന്നെ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. ' വേണ്ട, കഥ കേൾക്കേണ്ട. നിങ്ങളെ വിശ്വാസമാണ്. ഞാൻ റെഡി. മോഹൻലാൽ നൽകിയ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോവാൻ തമ്പി കണ്ണാന്തനത്തിന് പ്രചോദനം നൽകിയത്. സിനിമ പൂർത്തിയാകുമ്പോഴേക്കും തമ്പി കണ്ണന്താനത്തിന് തന്റെ കാർ വരെ വിൽക്കേണ്ടി വന്നു. പക്ഷേ അപ്പോഴും തമ്പി കണ്ണന്താനം ഒരു കാര്യത്തിൽ നല്ല ഉറപ്പുണ്ടായിരുന്നു. രാജാവിന്റെ മകൻ ചതിക്കില്ലെന്ന്. ബോക് സോഫീസിൽ പുതിയ കളക് ഷൻ റെക്കോഡുകൾ സൃഷ്ടിച്ച രാജാവിന്റെ മകൻ ഇപ്പോഴും പ്രേക്ഷകമനസിൽനിന്ന് ഇറങ്ങിപ്പോവാതെ നിൽക്കുന്നു. അടൂർ ഭാസി, ജോസ് പ്രകാശ്, പ്രതാപ ചന്ദ്രൻ, കെ. പി. എ. സി സണ്ണി, മാസ്റ്റർ പ്രശോഭ്, ജോണി, അസീസ്, കുഞ്ചൻ, കനകലത എന്നിവരായിരുന്നു രാജാവിന്റെ മകനിലെ മറ്റു താരങ്ങൾ. ജയാനൻ വിൻസെന്റായിരുന്നു ഛായാഗ്രാഹകൻ.സിനിമ പോലെ പാട്ടുകളും ഹിറ്രായി. വിണ്ണിലെ ഗന്ധർവ വീണകൾ, പാടാം ഞാനാഗാനം, എന്നീ ഗാനങ്ങൾ ഇപ്പോഴും അലയടിക്കുന്നു. ഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്ന് എസ്. പി വെങ്കിടേഷ് ആണ്.