farmers

ഭോപാൽ: തങ്ങളുടെ കൃഷിസ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കുന്നതിനെ എതിർത്ത ദളിത് ദമ്പതികളെ പൊലീസ് തല്ലിച്ചതച്ചു. മണ്ണിലൂടെ ഇവരെ വലിച്ചിഴക്കുകയും വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വിളകളെല്ലാം നശിച്ചത് കണ്ട് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്ധ്യപ്രദേശിലെ ഗുണ സ്വദേശികളായ രാംകുമാർ അഹിർവാർ(38) സാവിത്രിദേവി(35) എന്നിവർക്കാണ് ഈ ദുരവസ്ഥ.

സംഭവത്തിന്റെ വീഡിയോ രാഹുൽഗാന്ധി ഉൾപ്പടെ ദേശീയ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌തിട്ടുണ്ട്. സംഭവം ഇങ്ങനെ. ദമ്പതികൾ കൃഷിചെയ്യുന്ന ഭാഗം ഉൾപ്പടെ 5.5 ഏക്കർ സർക്കാർ ഭൂമി കോളേജ് സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുക്കാനൊരുങ്ങി. ഇതിനായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. ദമ്പതികൾ കൃഷി ചെയ്യുന്ന ഭാഗം ഗബ്ബു പർഡി എന്ന പ്രാദേശിക നേതാവ് അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. സർക്കാർ ഭൂമിയാണ് ഇതെന്ന് ദമ്പതികൾ അറിഞ്ഞിരുന്നില്ല. പൊലീസ് അകമ്പടിയോടെ വന്ന റവന്യു അധികൃതർ വിളകൾ നശിപ്പിച്ചതോടെ ദമ്പതികൾ പ്രതിഷേധിക്കുകയും തുടർന്ന് കുഴപ്പമുണ്ടാകുകയുമായിരുന്നു.

हमारी लड़ाई इसी सोच और अन्याय के ख़िलाफ़ है। pic.twitter.com/egGjgY5Awm

— Rahul Gandhi (@RahulGandhi) July 16, 2020

സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പൊലീസുകാർക്കെതിരെ പ്രതിഷേധമുയർന്നിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ജില്ലാ കളക്‌ടർ എസ്. വിശ്വനാഥിനെ സ്ഥാനത്ത് നിന്നും നീക്കി.