attingal-block

തലസ്ഥാന നഗരിയിൽനിന്നും വടക്കോട്ടുളള ദേശീയപാതാ യാത്രയിൽ ’കുപ്പിക്കഴുത്ത്’ പോലെയാണ് ആറ്റിങ്ങൽ പട്ടണം. ഗതാഗതക്കുരുക്കിൽ അരമണിക്കൂറെങ്കിലും ശ്വാസംമുട്ടാതെ ഇവിടം കടന്നുകിട്ടാൻ മുജന്മസുകൃതം ചെയ്യേണ്ട സ്ഥിതി.

വികലമായ റോഡ് വികസന ആസൂത്രണമാണ് ഈ പട്ടണത്തെ വേട്ടയാടുന്നത് . ആവശ്യത്തിന് വീതിയും ഓടകളുമില്ലാത്ത പ്രധാനപാതയിലേക്ക് പല ഉപറോഡുകളിലൂടെയും വാഹനങ്ങളും ജനങ്ങളും എത്തുന്നു. വ്യാപാര ,വിദ്യാഭ്യാസസ്ഥാപനങ്ങളും,സ്വകാര്യ ,സർക്കാർ ബസ് സ്റ്റേഷനുകളും ,കോടതിയുമൊക്കെ നഗരമദ്ധ്യത്തിലേക്കു വായും തുറന്നിരിക്കുന്ന ഒരു പട്ടണം. !

നഗരങ്ങളെ ബൈപാസ് ചെയ്ത് പോകുന്ന ഗതാഗത സംസ്കാരം ഇവിടെയും കൊണ്ടുവരികയാണ് ഇതിനുള്ള പരിഹാരം.എം.സി റോഡിൽ അടൂരിലും തിരുവല്ലയിലും ചങ്ങനാശേരിയിലുമൊക്കെയുള്ള ബൈപ്പാസുകൾ തന്നെ മാതൃക. കൊല്ലത്തെയും ആലപ്പുഴയിലെയും ബൈപ്പാസുകൾ നഗരങ്ങളെ കുടുക്കിൽ നിന്ന് രക്ഷിച്ചതും നമ്മുടെ അനുഭവത്തിലുണ്ട്.

ദൂരയാത്രയ്ക്കുള്ള വാഹനങ്ങളെ നഗരത്തിരക്കിലേക്ക് വലിച്ചിഴയ്ക്കാതെ മറുകര കടക്കാനുള്ള പുതിയ വഴി കണ്ടെത്തുകയാണ് വേണ്ടത്. മൂന്നുമുക്കുമുതൽ ആലങ്കോട് വരെ മൂന്നുകിലോമീറ്ററിൽ താഴെമാത്രം ദൈർഘ്യമുള്ള ചെറിയ ബൈപാസ് നിർമ്മിച്ച് നഗരത്തെയും ദൂരയാത്രക്കാരെയും ഗതാഗതകുരുക്കിൽനിന്നുംരക്ഷപ്പെടുത്താം .നാഗരാന്തർറോഡുകളുടെ വീതികൂട്ടൽ പരിമിതിക്കുള്ളിൽനിന്നേ നടക്കൂ.എത്രയോ നാൾമുമ്പേ ബൈപാസ് ആറ്റിങ്ങലിന് അനിവാര്യമായിരുന്നു. എത്രയും നേരത്തേ അത് സാക്ഷാത്കരിക്കുന്നുവോ അത്രത്തോളം യാത്രാക്ലേശം ഒഴിവാക്കും .

നമുക്കൊരു ഗതാഗത സംസ്കാരം കരുപ്പിടിപ്പിക്കണമെന്ന് പറയാതെ വയ്യ. ആസൂത്രണമില്ലാത്ത വികസനം പാഴ്ച്ചെലവാണ് . കുറച്ചുനാൾമുമ്പ് ഇവിടെ ചെറിയ ഒരു ജംഗ്ഷൻ ഇന്റർലോക്ക് കട്ടകൾ പാകാൻമാത്രം ഒരുമാസത്തോളമാണ് ഗതാഗതം വഴിമാറ്റിവിട്ടത്. റീട്ടെയ്‌നിംഗ് കോൺക്രീറ്റ് ഫ്രെയിമുപയോഗിച്ചാൽ ഒന്നോരണ്ടോദിവസങ്ങൾക്കുള്ളിൽ ഇത് സാധ്യമാക്കാവുന്ന ടെക്നോളജിയുള്ള കാലഘട്ടത്തിലാണ് നാലാഴ്ച്ച ഇതിനായി എടുത്തത് .പൂവമ്പാറപാലത്തിന്റെ മുൻപും പിൻപും നാലുവരിപ്പാതാ നിർമ്മാണത്തിന് അംഗീകാരം കിട്ടി നടപ്പാക്കാൻ കാത്തിരിക്കുന്നതിനിടയിൽ രണ്ടു വരിപ്പാതയുടെ ഇരുവശവുംതാൽക്കാലിക ഇന്റർലോക്കിംഗും മെറ്റൽ വേലിയും ഇട്ട് ഖജനാവ് ചോർത്തുന്നു. !
ആറ്റിങ്ങൽ പട്ടണത്തിന് വരുന്ന 50 വർഷത്തെ വാഹന സാന്ദ്രത മുന്നിൽകണ്ടുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ എം .പി അടൂർപ്രകാശും , എം .എൽ .എ സത്യനും,മുനിസിപ്പൽ കൗൺസിലർമാരും മറ്റുജനപ്രതിനിധികളും ഒന്നിച്ചിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഡോ :മുഹമ്മദ് സലീം .ജെ .
പ്രൊഫസർ ആന്റ് ഹെഡ്‌ ഓഫ്
സർജറി ,
അസീസിയ മെഡിക്കൽ കോളേജ് ,
കൊല്ലം .