തിരുവനന്തപുരം:എയർ ഇന്ത്യ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയായ ഭദ്ര ഇന്റർനാഷണലിൽ നിന്ന് രാജിവച്ചു. സ്വർണക്കടത്തുകേസിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ കമ്പനിതന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജിവച്ചതെന്നാണ് വിവരം. സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് എയർ ഇന്ത്യ സാറ്റ്‌സിൽ നിയമനം നേടിയത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. മതിയായ യോഗ്യതയില്ലാതെയാണ് സ്വപ്ന നിയമനം നേടിയതെന്ന് വ്യക്തമായിരുന്നു.
മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മെറിൻ മാത്യു ബിനോയ് ജേക്കബിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അയോഗ്യത മറച്ചുവച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റ്സ് ജീവനക്കാർക്ക് പണം നൽകി സ്വർണക്കടത്തിന് നിർബന്ധിക്കാറുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. ബിനോയ് ജേക്കബ് വിമാനത്താവളത്തിൽ പാസ് നേടിയത് അനധികൃതമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതടക്കമുളള നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു.