ലോകജനതയുടെയാകെ ഉറക്കം കെടുത്തുന്ന കൊവിഡ് -19 പറ്റിയുളള ചിന്തകളും ആശങ്കകളും ആധികളുമാണല്ലോ കഴിഞ്ഞ മൂന്നു മാസത്തോളമായി നമ്മുടെ ദൈനംദിന ജീവിത വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്. നമ്മുടെ ശ്വസനം മുതൽ സ്വപ്നം വരെയുളള നിമിഷാർദ്ധങ്ങൾപോലും ഈ മഹാരോഗം അപഹരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, സമാനമായ മറ്റൊരു മഹാമാരിയും ഏൽപ്പിച്ചിട്ടില്ലാത്ത ആഘാതങ്ങളുടെ നീർച്ചുഴിയിൽപെട്ട് അന്ധാളിച്ചു നിൽക്കുകയാണ്. ലോക ജനത എന്നു പറയുന്നതിലും അതിശയോക്തി ഉണ്ടാവില്ല. കാരണം ലോകത്തെ 95 ശതമാനത്തിലേറെ രാജ്യങ്ങളിലും രോഗബാധ ഉണ്ടായിരിക്കുന്നു. ഇങ്ങനെ ലോകത്തെയാകെ വിറപ്പിക്കുന്ന വിധത്തിൽ ഒരു മഹാമാരി പടരുന്നത് മാനവരാശിയുടെ ചരിത്രത്തിൽത്തന്നെ അത്യപൂർവമായ കാര്യമാണ്. പ്ളേഗോ, സാർസോ... ഒക്കെ ചുരുക്കം ചില ഭൂഖണ്ഡങ്ങളിലോ, രാജ്യങ്ങളിലോ ഒക്കെ ഒതുങ്ങി നിന്നതാണ് ചരിത്രമെങ്കിൽ, കൊവിഡ് 19 ദേശാതിർത്തികൾ അപ്രസക്തമാക്കി സംഹാരതാണ്ഡവം ആടുകയാണ്. കേവലമായ രോഗബാധ, ചികിത്സ, പ്രതിരോധം എന്നിങ്ങനെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചലനങ്ങൾക്കപ്പുറം, നമ്മുടെ സാമൂഹ്യജീവിതത്തിന്റെ സർവമണ്ഡലങ്ങളെയും പിടി ച്ചുലച്ചിരിക്കുകയാണ് ഈ രോഗം. അനന്തമായി നീളുന്ന ലോക്ക് ഡൗണിൽ ജീവിതതാളംനിശ്ചലമായതോടെ ലോകസമ്പദ്ക്രമം തന്നെ അടിമുടി ആടിയുലഞ്ഞു. രോഗത്തെപ്പറ്റിയും പ്രതിരോധ, ചികിത്സാ നടപടികളെപ്പറ്റിയുമൊക്കെ മാദ്ധ്യമങ്ങളിൽ നിന്നും ബോധവത്ക്കരണ ശ്രമങ്ങളിൽ നിന്നുമെല്ലാം നാമറിയുന്ന വിവരങ്ങൾ ഇടയ്ക്കെല്ലാം കേട്ടുമറക്കുകയോ, കണ്ടു മറഞ്ഞുപോകുകയോ ചെയ്യുന്നവയാണ്. ഈ വക കാര്യങ്ങൾ ഒരു ചിമിഴിൽ ഒതുക്കി അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് ഡോ. ബി. പത്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കൊറോണ വൈറസ്, 100 ചോദ്യങ്ങൾ ഉത്തരങ്ങൾ." ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ. പത്മകുമാർ, കൊറോണ വൈറസിനെയും കൊവിഡ്-19 രോഗത്തെപ്പറ്റിയും നാം അറിയേണ്ടതായ എല്ലാ വികാരങ്ങളും ഉൾക്കൊള്ളിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യ, പ്രതിരോധ പ്രവർത്തകർക്ക് എന്നതുപോലെ സാധാരണക്കാർക്കും രോഗത്തിന്റെ ചരിത്രവും വർത്തമാനവും സങ്കീർണതകളും ഒക്കെ മനസിലാക്കാൻ കഴിയുന്ന രചനയാണിത്.
ആരോഗ്യ, പ്രതിരോധ പ്രവർത്തകർക്കും എന്നതുപോലെ സാധാരണക്കാർക്കും രോഗത്തിന്റെ ചരിത്രവും വർത്തമാനവും, സങ്കീർണതകളും ഒക്കെ മനസിലാക്കാൻ കഴിയുന്ന രചനയാണിത്.
കൊറോണ വൈറസിന്റെ ചരിത്രം, രോഗം, രോഗലക്ഷണങ്ങൾ, ചികിത്സ, സങ്കീർണതകൾ, പ്രതിരോധം, സാധാരണ സംശയങ്ങൾ, മറുപടികൾ എന്നിങ്ങനെ ആറ് അദ്ധ്യായങ്ങളിലായാണ് പുസ്തകം തയ്യാറാക്കിയിട്ടുളളത്. കൊറോണ വൈറസിന് ആ പേരു വന്നതെങ്ങനെ, ഇതിന്റെ പൂർവ പിതാക്കന്മാരാർ ആരൊക്കെ, പ്രതിരോധത്തിന് ഇപ്പോൾ നമുക്കും സുപരിചിതമായ 'കൈ കഴുകൽ" വിദ്യ ലോകത്തിന് സമ്മാനിച്ച വ്യക്തി ആര്, കൊറോണ വൈറസിന്റെ തറവാട്ടിൽ നിന്ന് ഇനിയും നമ്മെ തേടിയെത്താനിടയുളള കേമൻമാർ ആരൊക്കെ, എന്തുകൊണ്ടാണ് ഇതിനെ ഇംഗ്ളീഷിൽ 'പാൻഡമിക്" എന്നു വിളിക്കുന്നത്, സ്രവപരി ശോധന ആരിലൊക്കെ, എങ്ങനെയാണ് നടത്തുന്നത്, ആശുപത്രിയിൽ ചികിത്സതേടേണ്ടത് ഏത് ഘട്ടത്തിൽ, മുഖാവരണ (Mask) ശാരീരികഅകല (Social Distance)വും പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ രോഗവുമായി ബന്ധപ്പെട്ട്എല്ലാവരും അറിഞ്ഞിരിക്കേണ്ടതും, നിർബന്ധമായും പ്രാവർത്തികമാക്കേണ്ടതുമായ സമ്പൂർണവിവരങ്ങൾ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചോദ്യോത്തരത്തിന്റെ മാതൃകയിൽ ഗുളിക രൂപത്തിലാണ് തയ്യാറായിക്കിയിട്ടുള്ളത് എന്ന സവിശേഷതയുമുണ്ട്. സുദീർഘമായ ലേഖനത്തിൽ നിന്ന് കാതലായ കാര്യങ്ങൾ കെടുക്കുന്നതിലെ ക്ലേശങ്ങളില്ലാതെ, വായനക്കാരന് ഈ രോഗവുമായി ബന്ധപ്പെട്ട ഏതു വിവരവും വിരൽത്തുമ്പിലെന്ന വണ്ണം ഇതിൽ നിന്ന് ലഭിക്കുമെന്ന് നിസംശയം പറയാൻ കഴിയും. ആരോഗ്യപരിപാലനവും ചികിത്സയുമായും ബന്ധപ്പെട്ട, സങ്കീർണമായ സംജ്ഞകൾ പോലും ലളിത സുന്ദര മായി ശുദ്ധമലയാള ത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ സംബന്ധിച്ച വിവരണങ്ങൾക്കൊപ്പം, ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റിയുളള പരാമർശങ്ങളും ഇതിൽ കാണാം.