railway

ന്യൂഡൽഹി: പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകളുടെ മേഖലയിൽ സർക്കാർ പ്രവർത്തനം പുരോഗതി പ്രാപിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തെ ഒരു അന്താരാഷ്ട്ര സോളാർ ശംഖലയാക്കി മാറ്റുവാനുള‌ള ക്രമാനുഗതമായ നടപടികൾ നടക്കുകയാണ്. വരുന്ന മൂന്നര വർഷം കൊണ്ട് റെയിൽവേയിൽ നൂറ് ശതമാനം വൈദ്യുതവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' ഈ മുദ്രാവാക്യമാണ് പ്രധാനമന്ത്രി ഉയർത്തിയത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിൽ മുഖ്യ പങ്ക് ഇന്ത്യ വഹിക്കുകയാണ്. സോളാർ ഊർജ്ജത്തിലേക്ക് രാജ്യം പരിവർത്തനം ചെയ്യപ്പെടുകയാണ്. 'പ്രധാനമന്ത്രിയുടെ കുസും യോജന' യിലൂടെ രാജ്യത്തെ കർഷകരെയും ഈ ഊർജ്ജമേഖലയിലേക്ക് നാം കൊണ്ടുവരികയാണ്. കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രി നടത്തിയ ചടങ്ങിൽ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മൂന്നര വർഷത്തിനകം 100 ശതമാനം വൈദ്യുതവൽകരണം റെയിൽവേയിൽ നടത്തും. 9-10 വർഷത്തിനകം മലിനീകരണം ഇല്ലാത്ത റെയിൽവേ ആകും. ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ റെയിൽവേ ഇന്ത്യയുടേതായിരിക്കും. മദ്ധ്യപ്രദേശിലെ റേവയിൽ ഏഷ്യയിലെ ഏറ്രവും വലിയ സോളാർ പ്ളാന്റ് കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 750 മെഗാ വാട്ട് ഉൽപാദന ശേഷിയാണ് പ്ളാന്റിനുള‌ളത്. സൗരോർജ്ജം ഇന്നത്തെ മാത്രമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മുഴുവൻ ഊർജ്ജസ്രോതസ്സാകുമെന്നാണ് പ്ളാന്റ് ഉദ്ഘാടനം ചെയ്ത് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

2030ഓടെ ഗ്രീൻ റെയിൽവേ ആകാനായി റയിൽവേ ഒരു പിടി പുതിയ പദ്ധതികളാണ് തുടങ്ങുക. റെയിൽവേയുടെ വൈദ്യുതവൽക്കരണം, ലോക്കോകളുടെ ഊർജ്ജശേഷി വർദ്ധിപ്പിക്കുക, സ്റ്റേഷനുകൾക്ക് ഗ്രീൻ സർട്ടിഫിക്കറ്റുകൾ നൽകുക, കോച്ചുകളിൽ ബയോ ടൊയ്ല‌റ്റ് സ്ഥാപിക്കുക മുതലായവ അവയിൽ ചിലതാണ്. നിലവിൽ രാജ്യമാകെ 40,000 റൂട്ട് കിലോമീറ്റർ വൈദ്യുതിവൽക്കരണം പൂർത്തിയായി കഴിഞ്ഞു.ഈ വർഷം 7000റൂട്ട് കിലോമീറ്റർ വൈദ്യുതിവൽക്കരണം പൂർത്തിയാക്കാനാണ് തീരുമാനം.