തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാല് ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി.ജി ഡോക്‌ടർമാർക്കും ഒരു ഹൗസ് സർജനുമാണ് രോഗം ബാധിച്ചത്. സർജറി യൂണിറ്റിലെ മുപ്പത് ഡോക്‌ടർമാർ ഇതോടെ കൊവിഡ് നിരീക്ഷണത്തിലായി. മുൻകരുതലിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ സർജറി വാർഡ് അടച്ചു.
സമ്പർക്കം വഴി ഏറ്റവും കൂടുതൽ കൊവിഡ് രോഗുകളുള്ള തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കൊവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. വർക്കല എസ്.ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്.
തലസ്ഥാന ജില്ലയിൽ ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യം വിപുലപ്പെടുത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകും. കൺവൻഷൻ സെന്ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സ്റ്റേഡിയത്തിന്റെ മറ്റ് സ്ഥലങ്ങളും സജ്ജമാക്കും.