oper

തൃശൂർ:ശസ്ത്രക്രിയയ്ക്കുശേഷം കത്രിക വയറ്റിനുളളിലാക്കി തുന്നിക്കെട്ടി രോഗിയെ ഡിസ്ചാർജുചെയ്തു. തൃശൂർ മെഡിക്കൽ കോളേജിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ആട്ടോ ഡ്രൈവറായ തൃശൂർ കുറുക്കഞ്ചേരി സ്വദേശിയും അമ്പത്തഞ്ചുകാരനുമായ ജോസഫ് പോളിനാണ് ഈ ദുവരസ്ഥ ഉണ്ടായത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പോളി ടി ജോസഫിനെതിരെ ബന്ധുക്കൾ പൊലീസിനും മെഡിക്കൽ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

പാൻക്രിയാസ് ഗ്രന്ധിയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി ഏപ്രിൽ 25നാണ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന് ഓപ്പറേഷൻ നടത്തി. പതിനൊന്നിന് വാർഡിലേക്ക് മാറ്റിയ ജോസഫിന് അണുബാധ കണ്ടതിനെ തുടർന്ന് പന്ത്രണ്ടിന് വീണ്ടും ഓപ്പറേഷൻ നടത്തുകയും 30ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം രണ്ടുവട്ടം റിവ്യൂവിനെത്തി. രണ്ടാംവട്ട റിവ്യൂവിന്റെ ഭാഗമായി ജൂലായ് ആറിന് നടത്തിയ സ്കാൻ പരിശോധനയിലാണ് വയറ്റിനു‌ള‌ളിൽ കത്രികയുണ്ടെന്ന് വ്യക്തമായത്. എന്നാൽ ബന്ധപ്പെട്ടവർ ഇക്കാര്യം ജോസഫിനെയാേ ബന്ധുക്കളെയാേ അറിയിച്ചില്ല.

photo

അല്പം കഴിഞ്ഞെത്തിയ ജൂനിയർ ഡോക്ടർ ജോസഫിന്റെ വയറ്റിൽ അണുബാധയെ തുടർന്നുളള പാട രൂപപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും അറിയിച്ചു. ഇതിനായി അന്നുതന്നെ അഡ്മിറ്റാവണമെന്നും പറഞ്ഞു. ഇതുവിശ്വസിച്ച് അഡ്മിറ്റാകാൻ എത്തിയപ്പോൾ ജീവനക്കാരുടെ പെരുമാറ്റത്തിൽ പന്തികേടുമണത്തു. മറ്റുള‌ളവരുടെ കാര്യങ്ങൾ മാറ്റിവച്ച് ജോസഫിനെ അഡ്മിറ്റാക്കാൻ തിടുക്കം കാട്ടിയതാണ് സംശയം തോന്നിച്ചത്. അതോടെ വീട്ടിലൊരു അത്യാവശ്യകാര്യമുണ്ടെന്നും പോയിട്ട് പിറ്റേദിവസം വരാമെന്നും പറഞ്ഞ് ജോസഫ് വീട്ടിലേക്ക് പാേയി. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാൻ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് കേടുപാടുകളൊന്നും ഉണ്ടായില്ല.

വയറ്റിൽ കത്രിക കണ്ടെത്തിയ കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് പറഞ്ഞ് കളിയാക്കുന്ന രീതിയിലാണ് ഡോക്ടർ പെരുമാറിയതെന്നും ജോസഫിന്റെ ബന്ധുക്കൾ പറയുന്നു. തുടർന്നാണ് കേസ് നൽകാൻ തീരുമാനിച്ചത്.