bri

ടൊറന്റോ: മുഖത്ത് തുന്നിച്ചേർത്ത 90 തയ്യലുകൾ, ചുണ്ടിൽ നിറഞ്ഞു നിന്ന പുഞ്ചിരി ഇതൊക്കെ പകരം കൊടുത്ത് ഒരു ആറു വയസുകാരൻ നേടിയത് തന്റെ കുഞ്ഞു പെങ്ങളുടെ ജീവിതമാണ്. നായയുടെ ആക്രമണത്തിൽ നിന്ന് സഹോദരിയെ രക്ഷിച്ച ബ്രിഡ്ജർ എന്ന ആറു വയസുകാരനെയാണ് ഇപ്പോൾ ലോകമൊന്നാകെ അഭിനന്ദിക്കുന്നത്. ബ്രിഡ്ജിന്റെ അമ്മായി നിക്കോൾ പങ്കുവച്ച കുറിപ്പിലൂടെയാണ് കുഞ്ഞിന്റെ സഹോദര സ്നേഹവും ജീവൻ പണയം വച്ചു നടത്തിയ രക്ഷാപ്രവർത്തനവും ലോകം മുഴുവൻ അറിഞ്ഞത്. കുഞ്ഞു മിഠായിക്കു വേണ്ടി പോലും തല്ലു കൂടുന്നവരാകും കുഞ്ഞുങ്ങൾ. പക്ഷ അവരിലൊരാളുടെ കണ്ണ് നിറഞ്ഞാൽ ആ മധുരം മുഴുവൻ പകരമായി നൽകും. അതാണ് കുട്ടികളുടെ മനസ്. ഇവിടെ ഞങ്ങളുടെ ബ്രിഡ്ജർ സഹോദരിക്കായി പണയപ്പെടുത്തിയത് സ്വന്തം ജീവനാണ്. സഹോദരിയെ ആക്രമിക്കാനായി നായ ഒരുങ്ങുന്നതു കണ്ടാണ് ബ്രിഡ്ജർ അവിടെ എത്തിയത്.

നായുടെ അരികിൽ നിന്ന് അവളെ പിടിച്ച് മാറ്റി ഒരു കൈകൊണ്ട് തന്റെ പിന്നിലേയ്ക്ക് ഒതുക്കിനിറുത്തി. ഈ സമയത്ത് നായ ബ്രിഡ്ജറിന്റെ മുഖത്ത് കടിച്ചു പരിക്കേൽപ്പിച്ചു. ഒരാൾ മരിക്കുകയാണെങ്കിൽ അത് താനായിക്കോട്ടേ എന്ന ചിന്തയാകണം അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. നല്ലൊരു പ്ളാസ്റ്റിക് സർജന്റെ സഹായത്തോടെ ആ കുഞ്ഞ് മുഖത്ത് 90 തുന്നിക്കെട്ടലുകൾ ഇട്ട് അവനെ പഴയപോലെയാക്കി. വീട്ടിൽ വിശ്രമിക്കുന്ന അവനറിയാം പഴയ പോലെ തനിക്ക് പുഞ്ചിരിക്കാൻ കഴിയില്ലെന്ന്. എങ്കിലും അവന് ആ ചിരി ഒരു ദിവസം തിരികെ കിട്ടും. ഞങ്ങൾ എല്ലാവരും ആ സൂപ്പർ ഹീറോയെ സ്നേഹിക്കുകയാണ് എന്നാണ് നിക്കോൾ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ബ്രിഡ്ജറിന്റെ പഴയ ചിത്രവും സർജറിക്കു ശേഷമുള്ള ചിത്രവും നിക്കോൾ പങ്കുവച്ചിട്ടുണ്ട്.