വാഷിംഗ്ടൺ: യു.എസിലെ രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്, മുൻ യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ, മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ, ആമസോൺ മേധാവി ജെഫ് ബറോസ്, ശതകോടീശ്വരൻ ഇലോൺ മസ്ക് , കാന്യെ വെസ്റ്റ് ഭാര്യ കിം കർദാഷിയാൻ തുടങ്ങി നിരവധി പ്രമുഖരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓൺലൈൻ കറൻസി എന്നറിയപ്പെടുന്ന ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് ബിറ്റ്കോയിൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. 'താഴെ കാണിക്കുന്ന ബിറ്റ്കോയിൻ അക്കൗണ്ടിലേക്ക് കറൻസി നിക്ഷേപിക്കു, ഇരട്ടിയായി തിരികെ നൽകാം', എന്നായിരുന്നു ട്വീറ്റ്. 30 മിനിറ്റ് നേരത്തേക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു എന്നും രേഖപ്പെടുത്തുന്ന ട്വീറ്റുകളായിരുന്നു ഹാക്കർമാർ പോസ്റ്റ് ചെയ്തത്. പത്ത് മിനിറ്റോളം മാത്രം ഉണ്ടായിരുന്ന ട്വീറ്റുകൾ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. ഇത്തരം ട്വീറ്റുകൾ ബുധനാഴ്ച വൈകിട്ട് മുതൽ പലതവണ പോസ്റ്റ് ചെയ്യപ്പെടുകയും പിൻവലിക്കുകയും ചെയ്യപ്പെട്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ട്വീറ്റിൽ പോസ്റ്റ് ചെയ്ത ബിറ്റ്കോയിൻ അക്കൗണ്ടിലെ ബാലൻസ് ട്വീറ്റുകൾക്ക് പിന്നാലെ വൻ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം ഡോളറിന് സമാനമായ ഓൺലൈൻ കറൻസി ഈ അക്കൗണ്ടിലെത്തിയെന്നാണ് വിവരം. അതേസമയം, ലോക പ്രശസ്തരായ പ്രമുഖരുടെ വെരിഫൈഡ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിന് പിന്നിലുള്ള ലക്ഷ്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, തീർത്തും സംഘടിതമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ബിറ്റ്കോയിൻ
♦ ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം
♦ ലോഹനിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല.. കംപ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്ട്വെയർ കോഡാണ്.
♦ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ, ക്രിപ്റ്റോ കറൻസി എന്നും വിളിക്കുന്നു
♦ ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്നതാണ് ഇതിന്റെ ആശയം
♦ 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘമോ ആണ്.
"തകരാറ് ശ്രദ്ധയിൽപെട്ട മിക്ക അക്കൗണ്ടുകളും പുനഃസ്ഥാപിച്ചു. പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ പ്രവർത്തിച്ച് വരികയാണ്. സാദ്ധ്യമാകും വേഗത്തിൽ ഇതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."- ട്വിറ്റർ