amma

തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ താരങ്ങൾ സ്വമേധയാ തിരുമാനമെടുക്കണമെന്ന താരസംഘടന ' അമ്മ 'യുടെ നിലപാടിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

പ്രതിഫലം കുറയ്ക്കാൻ ഓരോരുത്തർക്കും തീരുമാനമെടുക്കാമെന്ന് കാട്ടി അംഗങ്ങൾക്ക് അമ്മ കത്തയച്ചിരുന്നു. നിർമാതാക്കളുടെ സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും മലയാള സിനിമയുടെ തിരിച്ചുവരവിന് സഹായകമാകുന്ന തീരുമാനമാണിതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.

കൊവിഡ് സാഹചര്യം മുൻ നിറുത്തി താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളിലാണ് അമ്മ തീരുമാനവുമായി എത്തിയിരിക്കുന്നത്. പ്രതിഫലം വ്യക്തിപരമാണെന്നും നിർമാതാക്കൾക്കും താരങ്ങൾക്കും അതിൽ തീരുമാനമെടുക്കാമെന്നുമാണ് അമ്മയുടെ നിലപാട്.

കഴിഞ്ഞാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം അംഗങ്ങൾക്കയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കുന്ന കാര്യം അമ്മ പ്രതിപാദിക്കുന്നത്. സിനിമാ മേഖലയിലെ നഷ്ടം നികത്താൻ എല്ലാവരും സഹകരിക്കണമെന്ന് കത്തിൽ പറയുന്നു.