വാഷിംഗടൺ: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളേയും അവരുടെ കുടുംബങ്ങളേയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണമായി വിലക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ചൈന തിരിച്ചും, രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന അമേരിക്കക്കാർക്കെതിരെയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി അംഗങ്ങളുടെയും ഇതിനകം രാജ്യത്തുള്ള അവരുടെ കുടുംബങ്ങളുടെയും വിസ റദ്ദാക്കാൻ യു.എസ് സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച കരടുരേഖ തയ്യാറായതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങൾക്കും, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ ജീവനക്കാർക്കും നിരോധനം ബാധകമായേക്കും. അതേസമയം, ഇത് എത്രകണ്ട് ഫലപ്രദമാണെന്നതിൽ വ്യക്തതയില്ല. അമേരിക്ക സന്ദർശിക്കുന്നവരിൽ ആരൊക്കെ പാർട്ടി അംഗങ്ങളാണ് എന്നറിയാൻ യാതൊരു സംവിധാനവും നിലവിലില്ല. അതിനാൽ പാർട്ടി അംഗങ്ങളുടെ പ്രവേശനം തടയലും, നിലവിലുള്ളവരെ തിരിച്ചയയ്ക്കലും പ്രായോഗികമായി നടക്കാൻ പ്രയാസമാണെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് തന്ത്രമോ?
രണ്ടാം തവണയും ജനവിധി തേടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് ക്യാംപയിൻ മാനേജരെ മാറ്റി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ട്രംപിനെ പിന്നിലാക്കുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ വന്നതിന് തൊട്ടുപിന്നാലെയാണ് ക്യാംപയിൻ മാനേജരായ ബ്രാഡ് പാർസ്കെയിലിനെ മാറ്റിയത്. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫീൽഡ് ഡയറക്ടർ ആയിരുന്ന ബിൽ സ്റ്റീഫനാണ് പുതിയ മാനേജർ. ബ്രാഡ് മുതിർന്ന ഉപദേശകനായി ട്രംപിന്റെ പ്രചാരണ സംഘത്തോടൊപ്പം തുടരും.കൊവിഡ് വ്യാപനത്തെത്തുടർന്ന് അമേരിക്കയിൽ ചൈനീസ് വിരുദ്ധമനോഭാവം ഉണ്ടായിട്ടുണ്ട്. ആ നിലയ്ക്ക്, അമേരിക്കയിലെ പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ട്രംപിനെ ഒരു കടുത്ത ചൈനീസ് വിരോധിയായി സ്ഥാപിച്ച് ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധിനിക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം ശക്തമായി നടത്തുന്നുണ്ട്. ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് മൂലം ഏറ്റവുമധികം ദോഷമനുഭവിക്കുന്നത് അമരിക്കയാണ്.