covid

ബംഗളൂരു: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നതിനിടെ കൊവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂവെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമലു. ഇപ്പോഴത്തെ അവസ്ഥയില്‍ ദൈവത്തിന് മാത്രമേ വൈറസില്‍ നിന്ന് നമ്മെ രക്ഷിക്കാനാകു, അല്ലെങ്കില്‍ ജനങ്ങളെ അണുബാധയെക്കുറിച്ച് ബോധവാന്മാരാക്കണം, അവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സെപ്തംബറിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സമ്പന്നര്‍, ദരിദ്രര്‍, പോലീസ്, ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, നിയമസഭാ സാമാജികര്‍ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെയാണെ് കൊവിഡ് വൈറസ് ബാധിക്കുന്നത് എന്ന് പറഞ്ഞ ശ്രീരാമലു, അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേസുകള്‍ അപകടകരമായ നിലയിലേക്ക് ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു.കൊവിഡിനെ നേരിടുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.'കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? നിലവിലെ സാഹചര്യത്തില്‍, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ. അല്ലാത്തപക്ഷം, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണം.' ശ്രീരാമലു പറഞ്ഞു.കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും അശ്രദ്ധ മൂലമാണെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിച്ച അദ്ദേഹം ഈ വാദങ്ങളെ തള്ളിക്കളയുകയും ചെയ്തു.

അണ്‍ലോക്ക് ആരംഭിച്ചതു മുതല്‍ കേസുകള്‍ ഉയരാന്‍ തുടങ്ങിയെന്നും കര്‍ണാടക മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും പറഞ്ഞു. ജനങ്ങള്‍ നിരന്തരം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.