തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ പ്രതികളുമായി വ്യക്തിബന്ധമുളള നിയമസഭ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേരി എംഎൽഎ എം.ഉമ്മർ നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി.നിയമസഭ ചട്ടം 65 പ്രകാരം ഭരണഘടനയുടെ 179ആം അനുച്ഛേദം(സി)ഖണ്ഡികപ്രകാരമാണ് നോട്ടീസ് നൽകിയത്.
ഡിപ്ളോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ അതീവ ഗുരുതരമായ രാജ്യദ്രോഹപരമായ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുമായി സ്പീക്കർ വ്യക്തിബന്ധവും, അടുപ്പവും സൂക്ഷിച്ചു. പ്രതിയുടെ വർക് ഷോപ്പിന്റെ ഉദ്ഘാടനത്തിനുളള നിയമസഭാ സ്‌പീക്കറുടെ സാന്നിദ്ധ്യം നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതക്കും നിരക്കാത്തതാണെന്നും എം.ഉമ്മർ നോട്ടീസിൽ ആരോപിക്കുന്നു.