juventus

ഇറ്റാലിയൻ സെരി എയിൽ യുവന്റസിനെ 3-3ന് സമനിലയിൽ തളച്ച് സസൗളോ

യുവയ്ക്ക് ജയിക്കാൻ കഴിയാതിരിക്കുന്ന തുടർച്ചയായ മൂന്നാം മത്സരം

ടൂറിൻ : തുടർച്ചയായ ഒമ്പതാം കിരീടത്തിലേക്കുള്ള യുവന്റസിന്റെ കുതിപ്പിന് അപ്രതീക്ഷിത തിരിച്ചടികളായതോടെ ഇറ്റാലിയൻ സെരി എയിൽ കളം ചൂടുപിടിക്കുന്നു.കഴിഞ്ഞ രാത്രി സസൗളോയുമായുള്ള മത്സരത്തിൽ 3-3ന് സമനില വഴങ്ങേണ്ടിവന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും സംഘത്തിന്റെയും കിരീടപ്രതീക്ഷകൾക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്.ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് യുവന്റസിന് വിജയം നേടാൻ കഴിയാതെ പോകുന്നത്.

സസൗളോയ്ക്കെതിരെ അവരുടെ തട്ടകത്തിൽ 12 മിനിട്ടിനുള്ളിൽ രണ്ട് ഗോളുകൾ നേടി മുന്നിൽ നിന്ന യുവന്റസിനെ ഞെട്ടിക്കുന്ന രീതിയിലാണ് 54-ാം മിനിട്ടിൽ ആതിഥേയർ 3-2ന്റെ ലീഡുനേടിയത്. പത്തുമിനിട്ടിനുള്ളിൽ സമനില പിടിച്ചെങ്കിലും കളി തീരും വരെ വിജയഗോളടിക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് കഴിഞ്ഞില്ല. അഞ്ചാം മിനിട്ടിൽ ഡാനിലോയും 12-ാം മിനിട്ടിൽ ഹിഗ്വെയ്നുമാണ് റയലിനായി ഗോളുകൾ നേടിയിരുന്നത്. 29-ാം മിനിട്ടിൽ ഡുറിസിച്ചിലൂടെ സസൗളോ ഒരു ഗോൾ മടക്കി. 51-ാം മിനിട്ടിൽ ബെറാർഡിയും 54-ാം മിനിട്ടിൽ കപുട്ടോയും വലകുലുക്കിയതോടെ ആതിഥേയർക്ക് അപ്രതീക്ഷിത ലീഡായി. 64-ാം മിനിട്ടിൽ അലക്സ് സാൻട്രോയാണ് യുവയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും രണ്ടാം പകുതിയിൽ ഹിഗ്വെയ്ന് പകരക്കാരനായി ഇറങ്ങിയ പാബ്ളോ ഡിബാലയ്ക്കും തിളങ്ങാൻ കഴിയാതിരുന്നതാണ് റയലിന് തിരിച്ചടിയായത്.

ഇപ്പോൾ 33 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണ് യുവന്റിന് ഉള്ളത്. രണ്ടാം സ്ഥാനക്കാരായ അറ്റലാന്റയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 70 പോയിന്റും മൂന്നാം സ്ഥാനക്കാരായ ലാസിയോയ്ക്ക് 69 പോയിന്റുമാണുള്ളത്. അഞ്ച് മത്സരങ്ങളാണ് മൂവർക്കും ലീഗിൽ ശേഷിക്കുന്നത്. ഇപ്പോൾ ഏഴുപോയിന്റ് ലീഡുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാനാകാതെവന്നാൽ തുടർച്ചയായ ഒമ്പതാം കിരീടം എന്ന യുവന്റസിന്റെ സ്വപ്നത്തിന് തിരിച്ചടിയാകും.

ആറു ഗോളുകൾ വീണ കളി

1-0

5-ാം മിനിട്ട്

ഡാനിലോ

പ്യാനോലോ എടുത്ത ഒരു ഷോർട്ട് കോർണർ കിക്ക് സസൗളോ വലയ്ക്ക് സമീപം നിന്ന ഡാനിലോ തലകൊണ്ട് കുത്തി അകത്തിടുകയായിരുന്നു.

2-0

12-ാം മിനിട്ട്

ഹിഗ്വെയ്ൻ

പ്യാനിച്ചിൽ നിന്ന് കിട്ടിയ പാസുമായി പ്രതിരോധത്തെ വെട്ടിച്ച് ഹിഗ്വെയ്നും വലകുലുക്കിയതോടെ യുവയുടെ ലീഡ് ഇരട്ടിയായി.

2-1

29-ാം മിനിട്ട്

രണ്ടാം ഗോൾ വീണതിന് തൊട്ടുപിന്നാലെ അക്രമണം അഴിച്ചുവിട്ടുതുടങ്ങിയ സസൗളോയ്ക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത് ഡുറിസിച്ചാണ്. രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച് പന്തെത്തിച്ച കമുട്ടോയായിരുന്നു ഗോളിന്റെ ശിൽപ്പി.

2-2

51-ാം മിനിട്ട്

ബെരാർഡി

ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള ഒരു ഫ്രീകിക്ക് തകർപ്പൻ ഇടംകാലനടിയിലൂടെ ബെരാർഡി വളച്ച് വലയ്ക്കകത്ത് കയറ്റുകയായിരുന്നു.

2-3

54-ാം മിനിട്ട്

കപുട്ടോ

ബെരാർഡി നൽകിയ പാസിൽ നിന്ന് യുവന്റസ് പ്രതിരോധക്കാരെയാകെ നോക്കുകുത്തികളാക്കി മുന്നേറിയ കപുട്ടോ സസൗളോയെ മുന്നിലെത്തിച്ചു.

3-3

64-ാം മിനിട്ട്

അലക്സ് സാൻട്രോ

സസൗളോ പ്രതിരോധത്തിലെ ചെറിയ പാളിച്ച മുതലെടുത്ത് ബെന്റാങ്കർ നൽകിയ പാസിൽ നിന്നാണ് സാൻട്രോ സമനിലനേടിയെടുത്തത്.

ചൊവ്വാഴ്ച ലാസിയോയുമായാണ് യുവന്റസിന്റെ അടുത്ത മത്സരം.

പോയിന്റ് നില

(ടീം, കളി,പോയിന്റ്)

യുവന്റസ് 33-77

അറ്റലാന്റ 33-70

ലാസിയോ 33-69

ഇന്റർ മിലാൻ 32-68

എ.എസ് റോമ 33-57

യുവന്റസ് ലാസ്റ്റ് 3

എ.സി മിലാനുമായി 2-4ന്റെ തോൽവി

അറ്റലാന്റയുമായി 2-2ന് സമനില

സസൗളോയുമായി 3-3ന് സമനില