covid

സാവോ പോളോ : കൊവിഡ് മരണസംഖ്യ 150,000 പിന്നിട്ട് ലാറ്റിനമേരിക്ക. വരും മാസം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ബ്രസീലാണ് ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യം. മരണ നിരക്കിലും ബ്രസീലാണ് മുന്നിൽ. 1,970,909 കൊവിഡ് രോഗികളാണ് ബ്രസീലിലുള്ളത്. 75,523 പേർ മരിച്ചു. ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും രണ്ടാം സ്ഥാനമാണ് ബ്രസീലിന്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കൂട്ടത്തിൽ പെറുവാണ് ബ്രസീലിന് തൊട്ടുപിന്നിൽ 337,724 രോഗികളാണ് പെറുവിലുള്ളത്. 12,417 പേർ മരിച്ചു. മെക്സിക്കോ, ചിലി എന്നിവയാണ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ.

നിലവിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ മരണസംഖ്യയെക്കാൾ കൂടുതൽ പേരാണ് ലാറ്റിനമേരിക്കയിൽ മരിച്ചത്. വരും മാസങ്ങളിൽ യൂറോപ്പിലെ ആകെ മരണ സംഖ്യയെ ലാറ്റിനമേരിക്ക മറികടക്കുമെന്നുമാണ് പ്രവചനം. ലാറ്റിനമേരിക്കയിൽ ആകെ മരിച്ചവരിൽ പകുതിയിലേറെ പേരും ബ്രസീലിലാണ്.

മിക്ക ലാറ്റിനമേരിക്കൻ പ്രദേശങ്ങളിലും ആരോഗ്യ സംവിധാനങ്ങൾ താരതമ്യേന ദുർബലമാണ്. സാധാരണക്കാർ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ചേരി പ്രദേശങ്ങൾ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. നിലവിൽ ലാറ്റിനമേരിക്കയാണ് കൊവിഡിന്റെ ഏറ്റവും വലിയ ഹോട്ട്സ്പോട്ട്.


ബൊളീവിയയിൽ സാന്റാ ക്രൂസ്, ലാ പാസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 52,218 രോഗികളുള്ള ബൊളീവിയയിൽ 1,942 പേർ മരിച്ചു. ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനിൻ അന്യെസിനും നിരവധി ക്യാബിനറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ജയിലുകളും കൊവിഡ് വ്യാപന ഭീഷണിയിലാണ്. വിവിധ ജയിലുകളിലായി 12 തടവുകാരാണ് ഇതേവരെ മരിച്ചത്.

ലാറ്റിനമേരിക്കയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ ദുരിതത്തിലാണ് ഇക്വഡോർ. മൃതദേഹങ്ങൾ ആശുപത്രി വരാന്തകളിലും മോർച്ചറികൾക്ക് മുന്നിലും മുതൽ തെരുവുകളിൽ വരെ അനാഥമായി കിടക്കുന്ന ഭീകരകാഴ്ചയാണ് ഇക്വഡോറിൽ കാണാൻ സാധിക്കുക. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞു. എത്രപേർക്ക് രോഗം ബാധിച്ചെന്നോ എത്രപേർ മരിച്ചെന്നോ ഭരണകൂടത്തിന് പോലും കൃത്യമല്ല. ആശുപത്രികൾ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് ഓടിനടക്കുന്ന ബന്ധുക്കളാണ് ഇവിടെ. മൃതദേഹങ്ങൾ സംസ്കരിക്കാൻ ശവപ്പെട്ടി കിട്ടാതായതോടെ കാർഡ് ബോർഡ് ശവപ്പെട്ടികളെ വരെ ആശ്രയിക്കേണ്ടി വന്നവർ. കൊവിഡിന്റെ ഏറ്റവും ഭീകരമായ മുഖം ഒരുപക്ഷേ ഇക്വഡോറിലെ ജനങ്ങളായിരിക്കാം ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുണ്ടാവുക. 70,329 രോഗബാധിതരുണ്ടെന്നും 5,158 പേർ മരിച്ചെന്നുമാണ് നിലവിൽ ഔദ്യോഗിക രേഖകളിൽ സൂചിപ്പിക്കുന്നതെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നതാണ്. ഇക്വഡോറിലെ ഗ്വായാകിൽ നഗരത്തിലാണ് കൊവിഡ് കനത്ത നാശം വിതച്ചത്.

കഴിഞ്ഞ മാസം വരെ കൊവിഡിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിറുത്തിയിരുന്ന പ്യൂട്ടോറിക്കോയിലാകട്ടെ ഇപ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയായി. നിരവധി ബീച്ചുകളും റിസോർട്ടുകളും അടച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകാതെ പോയതാണ് പ്യൂർട്ടോറിക്കയിൽ രോഗവ്യപനം കൂടാനിടയാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായി ക്വാറന്റൈനിൽ കഴിയണമെന്നുള്ള പുതിയ നിയമം കഴിഞ്ഞ ദിവസം പ്യൂർട്ടോറിക്കോയിൽ നിലവിൽ വന്നു. 10,​000 ത്തോളം കേസുകളുള്ള പ്യൂർട്ടോറിക്കോയിൽ 171 പേരാണ് മരിച്ചത്.

മെക്സിക്കോയിൽ മരണം 36,000 കടന്നിരുന്നു. 317,600 ലേറെ രോഗികളുണ്ട്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെയിലും മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ ആക്രമണങ്ങൾക്ക് കുറവില്ല.

കൊളംബിയയിൽ 5,000ത്തിലേറെ പേരും അർജന്റീനയിൽ 2,000ത്തിലേറെ പേരും കൊവിഡ് ബാധിച്ച് മരിച്ചു. വെനസ്വേലയിൽ 100ലേറെ പേർ മരിച്ചു.

ഉറുഗ്വായ്, പരഗ്വായ് എന്നീ രാജ്യങ്ങളിലാണ് നിലവിൽ കൊവിഡ് നിയന്ത്രണം താരതമ്യേന ഫലപ്രദമായി നടക്കുന്നത്. പരഗ്വായ്‌യിൽ നിലവിൽ 3,198 രോഗികളാണുള്ളത്. 25 പേർ മരിച്ചു. ഉറുഗ്വായ്‌യിൽ 1,009 പേർക്ക് രോഗം സ്ഥിരീകരിച്ചു. 31 പേരാണ് മരിച്ചത്.