ഇടുക്കി: ജില്ലയിൽ മാങ്കുളത്ത് വനം, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിമുഴക്കിയ സി പി ഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിനോട് പാർട്ടി വിശദീകരണം തേടി. ഉദ്യോഗസ്ഥരോട് ഇത്തരത്തിൽ പെരുമാറാനുളള സാഹചര്യം വ്യക്തമാക്കാനാണ് ജില്ലാ സെക്രട്ടറി കെ. കെ ശിവരാമൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവീണിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാങ്കുളത്ത് വനം ഡിവിഷൻ സർവേയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോഴായിരുന്നു സി പി ഐ നേതാവ് ഭീഷണി മുഴക്കിയത്. മാങ്കുളം അമ്പതാം മൈലിൽ വനംവകുപ്പ് നിർമിച്ച ട്രെഞ്ചിനെചൊല്ലിയുള്ള തർക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്നായിരുന്നു ഭീഷണി.സംഭവത്തിന്റെ വീഡിയോ പകർത്തിയ ഉദ്യോഗസ്ഥരെ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമാവുകയായിരുന്നു.