
തിരുവനന്തപുരം.സംസ്ഥാനത്തെ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച വിദഗ്ദ്ധ സമിതി മാദ്ധ്യമ പഠനത്തെ പൂർണമായും തഴഞ്ഞതായി ആക്ഷേപമുയർന്നു.
സർക്കാരിന് സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഇരുനൂറോളം പുതിയ കോഴ്സുകളാണ് ഈ അദ്ധ്യായന വർഷം ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.അതിൽ പേരിനു പോലും മാദ്ധ്യമ പഠന കോഴ്സുകളില്ല.എം.ജി.സർവകലാശാല വി.സി. പ്രൊഫ.സാബുതോമസാണ് റിപ്പോർട്ട് സമർപ്പിച്ചത്.സംസ്ഥാനത്ത് നൂറോളം ഹയർ സെക്കൻഡറി സ്കൂളുകളിൽ ജേർണലിസം കോഴ്സ് പഠിപ്പിക്കുന്നുണ്ട്.ഇതുവഴി 5500ൽപരം വിദ്യാർത്ഥികളാണ് ഓരോ വർഷവും പഠിച്ചിറങ്ങുന്നത്.എന്നാൽ സർക്കാർ മേഖലയിൽ വയനാട് കൽപ്പറ്റ ഗവൺമെന്റ് കോളേജിൽ മാത്രമാണ് ഡിഗ്രി കോഴ്സുള്ളത്.ഏറെ തൊഴിൽ സാദ്ധ്യതയുള്ള മാദ്ധ്യമ പഠന മേഖലയെ ഇത്തരത്തിൽ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ മാദ്ധ്യമ പഠന രംഗത്തെ അക്കാഡമിക് സമൂഹം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിവേദനം സമർപ്പിച്ചു.