കിരീടമുറപ്പിച്ച ലിവർപൂളിനെ അടിച്ചിട്ടത് ആഴ്സനൽ
2-1
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ കിരീടം ഉറപ്പാക്കിക്കഴിഞ്ഞ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അടിച്ചിട്ട് ആഴ്സനൽ. ലീഗിലെ രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ഇതേ സ്കോറിന് എ.എഫ്.സി ബേൺമൗത്തിനെ കീഴടക്കി.
ആഴ്സനലിന്റെ തട്ടകത്തിൽ ചെന്ന് ആദ്യഗോൾ നേടിയിട്ടും ലിവർപൂൾ തോൽക്കുകയായിരുന്നു. 20-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെയാണ് ലിവർപൂൾ സ്കോർ ചെയ്തത്. എന്നാൽ 32-ാം മിനിട്ടിൽ അലക്സാണ്ടർ ലക്കാസറ്റെയും 44-ാം മിനിട്ടിൽ നെൽസണും നേടിയ ഗോളുകൾ ആഴ്സനലിന്റെ വിജയമുറപ്പിച്ചു.
ഇൗ സീസണിൽ നൂറ് പോയിന്റ് തികയ്ക്കാമെന്ന ലിവർപൂളിന്റെ മോഹത്തിനാണ് ആഴ്സനലിനെതിരായ തോൽവിയോടെ തിരിതാണത്.ഇപ്പോൾ 93 പോയിന്റുള്ള ലിവർപൂൾ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാലും 99 പോയിന്റിലേ എത്തുകയുള്ളൂ. കഴിഞ്ഞ സീസണിൽ ഇത്രയും പോയിന്റ് നേടിയിട്ടും ഒറ്റപ്പോയിന്റിന് മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിലാകേണ്ടി വന്നിരുന്നു.
ഇൗ വിജയത്തോടെ ആഴ്സനലിന് 36 മത്സരങ്ങളിൽ നിന്ന് 53പോയിന്റായി. ലീഗിൽ ഒൻപതാം സ്ഥാനത്താണ് മൈക്കേൽ ആർട്ടേറ്റ പരിശീലിപ്പിക്കുന്ന ടീം.
സ്വന്തം തട്ടകത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ബേൺമൗത്തിനെ തോൽപ്പിച്ചത്.ആറാം മിനിട്ടിൽ ഡേവിഡ് സിൽവയും 39-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസും സിറ്റിക്ക് വേണ്ടി ഗോളുകൾ നേടി. 88-ാം മിനിട്ടിൽ ബ്രൂക്ക്സാണ് ബേൺമൗത്തിന്റെ ആശ്വാസഗോൾ നേടിയത്. ഇൗ വിജയത്തോടെ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 75 പോയിന്റായി.
ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 3-1ന് ന്യൂ കാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു.നായകൻ ഹാരി കേനിന്റെ ഇരട്ടഗോളുകളും സൺ ഹ്യൂംഗ് മിന്നിന്റെ ഗോളുമാണ് ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടീമിന് വിജയം നൽകിയത്. 27-ാം മിനിട്ടിൽ സൺ ആണ് ആദ്യ ഗോൾ നേടിയത്. 56-ാം മിനിട്ടിൽ റിച്ചീ ന്യൂകാസിലിനെ സമനിലയിലാക്കിയെങ്കിലും 60,90 മിനിട്ടുകളിൽ കേൻ നേടിയ ഗോളുകൾ ടോട്ടൻഹാമിന്റെ വിജയം ആധികാരികമാക്കി.
36 മത്സരങ്ങളിൽ നിന്ന് 55 പോയിന്റായ ടോട്ടൻഹാം പട്ടികയിൽ ഏഴാം സഥാനത്താണ്.