തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന നിരക്കാണ് ഇത്. ഇവരിൽ 135 വിദേശത്ത് നിന്നും വന്നവർ പേരാണ്. സമ്പർക്കത്തിലൂടെ 532 രോഗബാധിതരായത് പേരും. രോഗം സ്ഥിരീകരിച്ച 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്നും 42 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബി എസ് എഫ് 1,കെ.എസ്.എസ്.സി 7.
തിരുവനന്തപുരത്ത് ചില മേഖലയിൽ അതീവഗുരുതര സാഹചര്യമാണ്. തീരദേശ മേഖലയിൽ സ്ഥിതി രൂക്ഷം. ഇവിടെ മൂന്ന് സോണുകളായി തിരിക്കും.രണ്ടിടത്ത് സമൂഹവ്യാപനമാണ്. പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളിലാണിത്. പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയിൽ 50 പേരെ പരിശോധിച്ചപ്പോൾ 26 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യമാണുണ്ടായത്. തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. കരിംകുളം പഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ സമ്പൂർണ ലോക്ഡൗണാണ്. തൃശൂർ പുല്ലൂരിലെ ഷൈജു കൊവിഡ് ബാധിച്ച് മരിച്ചു.14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവാണ് എന്നാൽ ആത്മഹത്യ ആയതിനാൽ കൊവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആയി. രോഗം പോസിറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ. തിരുവനന്തപുരം-246, എറണാകുളം-115,ആലപ്പുഴ,പത്തനംതിട്ട-87, കൊല്ലം-47, കോട്ടയം-34, കോഴിക്കോട്,തൃശൂർ,കാസർഗോഡ്-32, പാലക്കാട് 31, വയനാട് 28,മലപ്പുറം 25, ഇടുക്കി 11,കണ്ണൂർ -9.
133 പേർ ഇന്ന് സംസ്ഥാനത്ത് രോഗ മുക്തി നേടി. ആകെ രോഗികളുടെ എണ്ണം 11,066. മുൻഗണനാ സാമ്പിളുകളിൽ 84,456 എണ്ണം നെഗറ്റീവാണ്. 1752 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പരിശോധനകൾ കൂട്ടി. 24 മണിക്കൂറിനിടെ പരിശോധിച്ചത് 14,642 എണ്ണം. സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത് 1,78,481 ആണ്. 6124 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.