nivin-

കൊച്ചി: നിവിന്‍ പോളിയുടെ അരങ്ങേറ്റചിത്രമായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. സിനിമയിൽ എത്തിയ പത്ത് വർഷത്തെക്കുറിച്ചുള്ള സന്തോഷം നിവിൻ പങ്കുവച്ചിരുന്നു. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലെ പ്രകാശനില്‍ നിന്നും 'മൂത്തോനി'ലെത്തി നില്‍ക്കുമ്പോള്‍ താരമെന്ന നിലയിലും നടനെന്ന നിലയിലും നിവിന്‍ പോളി അതുല്യമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേദിവസം അദ്ദേഹം നായകനാവുന്ന പുതിയ ചിത്രവും ഇപ്പോൾ അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുകയാണ്.'ബിസ്മി സ്‌പെഷല്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. നവാഗതനായ രാജേഷ് രവിയാണ് സംവിധാനം.

ഛായാഗ്രഹണം സനു വര്‍ഗീസ്. രാജേഷ് രവിക്കൊപ്പം രാഹുല്‍ രമേശ്, സനു മജീദ് എന്നിവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലെത്തുന്ന തുറമുഖം ആണ്. തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു.