ന്യൂഡൽഹി: കൊവിഡ് പശ്‌ചാത്തലത്തിൽ തകർന്ന ഉപഭോക്തൃ വിപണിക്ക് ഉണർവേകാനുള്ള നടപടികളുടെ ഭാഗമായി സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ) കേന്ദ്രസർക്കാർ വേതന പിന്തുണ പാക്കേജ് പ്രഖ്യാപിച്ചേക്കും. നിശ്‌ചിത തൊഴിലാളികളുള്ള എം.എസ്.എം.ഇകൾക്ക് അടുത്ത മൂന്നുവർഷത്തേക്കായി ഒരുലക്ഷം കോടി രൂപയുടെ പാക്കേജാണ് ആലോചിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി രാജ്യത്ത് ആറുകോടി എം.എസ്.എം.ഇകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കാനുമായി കേന്ദ്രം ആവിഷ്‌കരിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ പാക്കേജിൽ എം.എസ്.എം.ഇകൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്‌പാ പിന്തുണ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി 'എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവിൽ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യർ. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല. നിലവിൽ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള വായ്‌പാത്തുകയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക.
മുദ്രാ വായ്‌പയെടുത്തവർക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇ.സി.എൽ.ജി.എസ് പ്രകാരം ബാങ്കുകൾ ഇതുവരെ 1.2 ലക്ഷം കോടി രൂപയുടെ വായ്‌പകൾ അനുവദിച്ചുവെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതിൽ 61,000 കോടി രൂപ ഇതിനകം വിതരണം ചെയ്‌തു.
ലക്ഷം കോടി സഹായം
₹1 ലക്ഷം കോടി
നിശ്‌ചിത തൊഴിലാളികളുള്ള എം.എസ്.എം.ഇകൾക്ക് അടുത്ത മൂന്നുവർഷത്തേക്കായി ഒരുലക്ഷം കോടി രൂപയുടെ വേതന പാക്കേജാണ് കേന്ദ്രം പരിഗണിക്കുന്നത്.
₹3 ലക്ഷം കോടി
പ്രധാനമന്ത്രിയുടെ ആത്മനിർഭർ പാക്കേജിൽ മൂന്നുലക്ഷം കോടി രൂപയുടെ അടിയന്തര വായ്‌പാപദ്ധതി എം.എസ്.എം.ഇകൾക്കായി പ്രഖ്യാപിച്ചിരുന്നു.
₹1.2 ലക്ഷം കോടി
ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി ഇതുവരെ എം.എസ്.എം.ഇകൾക്ക് ബാങ്കുകൾ അനുവദിച്ചത് 1.2 ലക്ഷം കോടി രൂപയുടെ വായ്‌പ.
6 കോടി
ഇന്ത്യയിൽ എം.എസ്.എം.ഇകളുടെ എണ്ണം ആറുകോടി.