shami

ലണ്ടൻ: ഷമീമ ബീഗത്തിന് ഒടുവിൽ ലണ്ടനിലെത്താൻ അനുമതി. തന്റെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് വിസ്താരത്തിനു വേണ്ടിയാണ് നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിലുള്ള ഷമീമയ്ക്ക് ലണ്ടനിലെത്താൻ അനുമതി ലഭിച്ചത്. മതം മാറി ഐസിസിൽ ചേർന്ന ഷമീമ പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വദേശത്ത് മടങ്ങിയെത്താൻ ശ്രമിച്ചതിലൂടെയാണ് ലോക ശ്രദ്ധ നേടിയത്. പതിനഞ്ചു വയസുള്ളപ്പോഴാണ് സ്കൂൾ വിദ്യാർത്ഥിനിയായ ഷമീമ മറ്റ് രണ്ട് കൂട്ടുകാരികൾക്കൊപ്പം ഐസിസിൽ ചേരാൻ സിറിയയിൽ പോയത്. ഐസിസിലെ ക്രൂരതകൾ കാരണം അവിടുന്ന് രക്ഷപ്പെട്ട ഷമീമ കഴിഞ്ഞ വർഷമാണ് അഭയാർത്ഥി ക്യാമ്പിലിരുന്ന് തനിക്ക് സ്വദേശത്തേക്ക് മടങ്ങാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഷമീമയുടെ ആവശ്യവും രാജ്യത്തെ പൗരത്വവും ബ്രിട്ടീഷ് സർക്കാർ തള്ളിക്കളയുകയായിരുന്നു. അതിനെതിരെയാണ് നിലവിലെ കോടതി വിധി. ഷമീമയ്ക്ക് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കോടതി വിധിയെ മാനിച്ചുകൊണ്ടു തന്നെ നിരാശജനകമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സർക്കാർ പ്രതിനിധി. രാജ്യസുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ പ്രതിനിധി പറയുന്നത്.