dyuti-chand-bmw

ഭുവനേശ്വർ :തന്റെ ബി.എം.ഡബ്ല്യു കാർ വിൽക്കാനൊരുങ്ങിയത് പരിശീലന ചെലവിന് പണം കണ്ടെത്താനാണെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇതുപോലൊരു പോലൊരു ആഡംബർ കാർ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് വിൽക്കാൻ ആലോചിക്കുന്നതെന്നും ദ്യുതി വിശദീകരിച്ചു.

തന്റെ ആഡംബര കാർ വിൽക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ദ്യുതി ചന്ദ് ഏതാനും ദിവസം മുൻപ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. താരം പരിശീലന ചെലവ് കണ്ടെത്താനുള്ള പ്രയാസം മൂലമാണ് വാഹനം വിൽക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ ദ്യുതി നൽകിയ വിശദീകരണം സഹിതമാണ് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതോടെ ടെന്നിസ് താരം സോംദേവ് ദേവ് വർമൻ ഉൾപ്പെടെയുള്ളവർ ദ്യുതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. അതേസമയം, ദേശീയ കായിക മന്ത്രാലയവും ഒഡീഷ സർക്കാരും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും ദ്യുതിക്ക് എക്കാലവും പിന്തുണ നൽകിയിട്ടുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ദ്യുതിയുടെ രംഗപ്രവേശം.

‘എന്റെ ബിഎംഡബ്ല്യു കാർ വിൽക്കാനുണ്ടെന്ന് കാട്ടി ഞാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നത് സത്യമാണ്. എനിക്ക് ഇത്തരം കാറുകളോട് ഇഷ്ടമുണ്ടെങ്കിലും അത് പരിപാലിച്ച് കൊണ്ടുനടക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്നതാണ് സത്യം. വമ്പിച്ച ചെലവു നിമിത്തം ഈ കാർ ഞാൻ ഉപയോഗിക്കുന്നു പോലുമില്ല. സത്യത്തിൽ അതൊരു ബാധ്യതയായി മാറി. പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടാണ് ഞാൻ കാർ വിൽക്കുന്നതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല’ – ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിൽ ദ്യുതി വിശദീകരിച്ചു. ഒഡീഷ മൈനിംഗ് കോർപറേഷനിൽനിന്നുള്ള തന്റെ ശമ്പളം 60,000 രൂപയാണെന്നും വാർത്തകളിൽ കണ്ടതുപോലെ 80,000 രൂപയല്ലെന്നും ദ്യുതി പറഞ്ഞു.

ഇതുവരെ തനിക്ക് ഉറച്ച പിന്തു നൽകിയിട്ടുള്ള സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കും കലിംഗ സർവകലാശാലയ്ക്കും കൂടുതൽ ഭാരമാകാതെ സ്വന്തം നിലയ്ക്ക് കാർ വിറ്റിട്ടാണെങ്കിലും കുറച്ചു പണം സ്വരൂപിക്കാനുള്ള ശ്രമം എങ്ങനെയാണ് ഇത്ര വലിയ പ്രശ്നമാകുന്നതെന്നും ദ്യുതി ചോദിച്ചു. ഈ വിഷയത്തിൽ തന്റെ കുടുംബ പ്രശ്നങ്ങൾ തിരുകിക്കയറ്റാനുള്ള നീക്കത്തെയും ദ്യുതി വിമർശിച്ചു.

‘ കാർ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും പരാതി ഉന്നയിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്റെ കൈവശം പണമില്ലെന്ന് ആരെയും അറിയിക്കാനും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഈ രാജ്യത്തിന്റെ പുത്രിയാണ്. എന്നെ സഹായിക്കാൻ ഒട്ടേറെപ്പേരുണ്ട്. കലിംഗ സ്റ്റേഡിയത്തിലെ എന്റെ പരിശീലനത്തിനായി പ്രാർഥിക്കൂ. അങ്ങനെ രാജ്യത്തിനായി സ്വർണം നേടുകയെന്ന എന്റെ സ്വപ്നം പൂവണിയട്ടെ’ – ദ്യുതി ചന്ദ്.