pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 10275 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെയെണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇന്ന് മാത്രം 722 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുളളത്. 187 പേർ വിദേശത്ത് നിന്ന് വന്നവരും 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്. കൊവിഡ് ബാധിച്ച് രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ഇന്ന് മാത്രം 832 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഉറവിടം അറിയാത്ത 34 കേസുകളാണുളളത്. 12 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5372 പേർ ഇനി ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. 339 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 301 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തലസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടി വരികയാണ്. രാമചന്ദ്ര ഹൈപ്പർമാർക്കറ്റിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗികളെ കണ്ടെത്തി പരിശോധിക്കുക വലിയ വെല്ലുവിളിയാണെന്നും കടകളിൽ പോയവർ ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ ഹൈപ്പർമാർക്കറ്റിൽ 81 പേരെ പരിശോധിച്ചതിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 271 ഹോട്ട്സ്പോട്ടുകളാണ് നിലവിലുളളത്. ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണ നടപടികളും നീരിക്ഷണവും ശക്തമാക്കിയിട്ടും കൊവിഡ് കേസുകൾ കൂടി വരുന്ന സ്ഥിതിയാണ് സംസ്ഥാനത്തുളളത്. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം ആരോഗ്യ പ്രവർത്തകർക്കിടയിൽ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.