shivashankar

തിരുവനന്തപുരം: തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ ഐ.എ.എസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതെന്നും ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ പ്രകാരമാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ആൾ ഇന്ത്യ സർവീസിന് നിരക്കാത്ത പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നത്. അങ്ങനെയാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതും. മറ്റ് കാര്യങ്ങൾ റിപ്പോർട്ട് വിശദമായി പഠിച്ചതിനു ശേഷം പറയാം.'- മുഖ്യമന്ത്രി പറഞ്ഞു.

ഇദ്ദേഹത്തെ സംബന്ധിച്ച്, അഖിലേന്ത്യാ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഉണ്ടായതായി സമിതി കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. വിഷയം സംബന്ധിച്ച് വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമിതിയുടെ റിപ്പോർട്ടിലുള്ള മറ്റ് കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്‌പെയ്‌സ് പാർക്കിൽ നിയമനം ലഭിക്കാനായി വ്യാജരേഖ ചമച്ച കാര്യത്തെക്കുറിച്ച് സംസ്ഥാന പൊലീസ് ഇപ്പോൾതന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണസമിതിയുടെ റിപ്പോർട്ടിൽ സർവീസ് സംബന്ധമായ കാര്യങ്ങൾക്കാണ്‌ ഊന്നൽ നല്കിയിട്ടുള്ളതെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.