se

സോൾ: രാജ്യത്തിന്റെ ഭരണനേതൃത്വത്തിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ വിറച്ച് ദക്ഷിണകൊറിയ. ‘ഫെമിനിസ്റ്റ് പ്രസിഡന്റ്’ ആയിരിക്കുമെന്നു രാജ്യത്തിനു വാഗ്ദാനം നൽകി സ്ഥാനമേറ്റ പ്രസിഡന്റ് മൂൺ ജെ ഇൻ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ മൂന്നു മുതിർന്ന നേതാക്കളാണു നിരനിരയായി ലൈംഗിക പീഡന പരാതികളുടെ പ്രതിസ്ഥാനത്തു നിൽക്കുന്നത്.

കഴിഞ്ഞ ദിവസം കാണാതായ സോൾ മേയറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ പാർക്ക് വൺ സൂണിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയതിനു പിന്നാലെയാണു ലൈംഗികപീഡനം വീണ്ടും ചർച്ചകളിലെത്തിയത്. പാർക്കിന്റെ മുൻ സെക്രട്ടറിയായ വനിതാ ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു അദ്ദേഹത്തെ കാണാതായത്. പരാതിയിലുണ്ടായ മനഃപ്രയാസത്തിൽ പാർക്ക് ആത്മഹത്യ ചെയ്തിരിക്കാമെന്നാണു പ്രാഥമിക നിഗമനം. കൂടുതലൊന്നും സർക്കാർ പറയുന്നുമില്ല. പാർക്ക് സൂണിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചു കുടുംബവും രംഗത്തെത്തി.

പ്രസിഡന്റ് മൂണിനെപ്പോലെ താനുമൊരു ഫെമിനിസിറ്റാണെന്നു പൊതുവേദിയിൽ ആവർത്തിക്കുന്ന നേതാവായിരുന്നു പാർക്കും. രാജ്യതലസ്ഥാനമായ സോളിലെ മേയറെന്ന നിലയ്ക്കു ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ ശക്തനായ നേതാവാണു പാർക്ക്. വനിതകളുടെ ഉന്നമനത്തിനായി ധാരാളം ക്ഷേമപദ്ധതികൾ നടപ്പാക്കിയ പാർക്ക്, #MeToo (മീ ടു) മുന്നേറ്റത്തെ ശക്തമായി പിന്തുണച്ചിരുന്നു.രാജ്യചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ കേസിൽ ഇരയെ പ്രതിനിധീകരിച്ചു കുറ്റവാളികൾക്കു ശിക്ഷ വാങ്ങിക്കൊടുത്ത മനുഷ്യാവകാശ അഭിഭാഷകൻ കൂടിയായിരുന്നു പാർക്ക്. പരാതിക്കാരിയായ വനിതാ സെക്രട്ടറിക്ക് മേയർ താൻ അടിവസ്ത്രമിട്ടു നിൽക്കുന്ന ചിത്രം അയച്ചു കൊടുത്തെന്നും പാതിരാത്രിയിലും ടെലഗ്രാമിലൂടെ സന്ദേശങ്ങൾ അയച്ചെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയതോടെയാണ് പാർക്ക് പ്രതിസ്ഥാനത്തായത്.