england-windies-cricket

മാഞ്ചസ്റ്റർ : വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആദ്യ ബാറ്റിംഗ് ഇംഗ്ലണ്ടിന്. ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് സ്വയം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിൽ രണ്ടാം ടെസ്റ്റിൽ വിൻഡീസ് ആതിഥേയരെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഒാൾഡ് ട്രഫോൾഡിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 159/3 എന്ന നിലയിലാണ് ഇംഗ്ളണ്ട്.

15 റൺസെടുത്ത ഒാപ്പണർ റോറി ബേൺസിനെയാണ് ഇംഗ്ളണ്ടിന്ആദ്യം നഷ്ടമായത്. ഇന്നലത്തെ 14-ാം ഒാവറിന്റെ രണ്ടാം പന്തിൽ റോസ്റ്റൺ ചേസ് ബേൺസിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സാക്ക് ക്രാവ്‌ലിയെ(0) ഹോൾഡറുടെ കയ്യിലെത്തിച്ച ചേസ് ഹാട്രിക്കിനരികിലെത്തിയിരുന്നു. എന്നാൽ തുടർന്ന് നായകൻ ജോ റൂട്ടും(23) സിബിലിയും (65*)ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.ടീം സ്കോർ 81ൽ വച്ച് റൂട്ടി​നെ അൽസാരി​ ജോസഫ് പുറത്താക്കി​.തുടർന്നിറങ്ങിയ സ്റ്റോക്സ് (39*) സിബിലിക്ക് മികച്ച പിന്തുണ നൽകി.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് റൂട്ട് ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേസമയം ആദ്യ ടെസ്റ്റിൽ കളിച്ചിരുന്ന ജോ ഡെൻലി ഒഴിവാക്കപ്പെട്ടു. ആദ്യ ടെസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടരുന്ന സ്റ്റുവർട്ട് ബ്രോഡ് തിരിച്ചെത്തി. മാർക്ക് വുഡിനും ആൻഡേഴ്സണും വിശ്രമംനൽകി.