ന്യൂയോർക്ക്: ചൈനയിൽ ബ്യുബോണിക് പ്ലേഗ് കണ്ടെത്തിയെന്ന വാർത്തകൾക്കു പിന്നാലെ യു.എസിലും അസുഖം സ്ഥിരീകരിച്ചു. കൊളറാഡോയിലെ ഒരു അണ്ണാനിലാണു വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. മോറിസൻ നഗരത്തിൽ ജൂലായ് 11ന് ആണ് അണ്ണാനിൽ പ്ലേഗ് സ്ഥിരീകരിച്ചത്. ഈ വർഷം യു.എസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പ്ലേഗാണിതെന്നു ജെഫേഴ്സൺ കൗണ്ടി പബ്ലിക് ഹെൽത്ത് (ജെസിപിഎച്ച്) ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആധുനിക ആന്റിബയോട്ടിക് ചികിത്സ യഥാസമയത്തു ലഭ്യമാക്കിയാൽ ഒരുപരിധിവരെ അസ്വസ്ഥതകളും മരണവും തടയാമെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും ഇപ്പോഴും വലിയ ഭീഷണിതന്നെയാണു പ്ലേഗ്. വളർത്തുമൃഗങ്ങൾ രോഗഭീഷണിയിലാണെന്നു യു.എസ് ആരോഗ്യവകുപ്പ് പറയുന്നു. പൂച്ചകളാണ് അതീവ അപകടഭീഷണിയിലുള്ളത്. ഈച്ചകളിലൂടെ പൂച്ചകളിലേക്കു വൈറസ് എത്താം. വളർത്തുമൃഗങ്ങൾ രോഗവാഹകരായി മാറാമെന്നും അസ്വസ്ഥതകളോ അസുഖ ലക്ഷണങ്ങളോ കാണിച്ചാൽ വെറ്ററിനറി ഡോക്ടർമാരെ കാണിക്കണമെന്നും നിർദേശമുണ്ട്.