pic

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് മുന്നൂറിലേറെ പേർക്കാണ്. ജില്ലയിൽ 339 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 301 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. ഉറവിടം തിരിച്ചറിയാത്ത 16 കൊവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു.

തിരുവനന്തപുരത്തെ രാമചന്ദ്രൻ ഹൈപ്പർമാർക്കറ്റിൽ 81 പേരെ പരിശോധിച്ചതിൽ 17 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 61 ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടുന്നതിനാൽ പ്രത്യേക പ്രതിരോധ നടപടികൾ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദിനംപ്രതി സമ്പർക്കത്തിലൂടെയുളള രോഗികളുടെയെണ്ണം വർദ്ധിക്കുന്നതിൽ ഏറെ ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.