തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയും സ്വർണക്കടത്തുപോലുള്ള ചൂടുള്ള വിഷയം കടന്നുവരികയും ചെയ്തതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശന വിഷയം ആറിത്തണുത്തു. എന്നാൽ, ഏതുനിമിഷവും വിഷയം വീണ്ടും സജീവതയിലേക്ക് വരുമെന്നാണ് നേതാക്കൾ പറയുന്നത്. കാരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശന വിഷയത്തിൽ ഒരു തീരുമാനമുണ്ടാവുമെന്ന് ജോസ് വിഭാഗം നേതാക്കൾ സൂചിപ്പിക്കുന്നു.
യു.ഡി.എഫിൽ നിന്ന് തത്കാലം മാറ്റിനിറുത്തപ്പെട്ടതോടെ ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം പരന്നിരുന്നു. സി.പി.ഐ ഉടക്കിട്ടെങ്കിലും അതിന് അനുകൂലമായ ചില നീക്കങ്ങൾ സി.പി.എമ്മിൽ നിന്ന് ഉണ്ടാവുകയും ചെയ്തതോടെ ചർച്ച ചൂടുപിടിച്ചു. എന്നാൽ, ഹൈക്കമാൻഡ് നിർദേശ പ്രകാരം ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിലനിറുത്താൻ കോൺഗ്രസും കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിരുന്നു.
ജോസ് വിഭാഗത്തിന് യു.ഡി.എഫിൽ നിന്ന് പുറത്തുപോകേണ്ടിവന്നതിന് കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും തത്കാലം തണുത്തിട്ടുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശന വിഷയത്തിൽ തീരുമാനമുണ്ടാവുമെന്നാണ് ജോസ് വിഭാഗം 'ഫ്ളാഷി'നോട് സൂചിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് പരീക്ഷണത്തിന് മുതിരണ്ട എന്നാണ് ഭൂരിപക്ഷം നേതാക്കളുടെ അഭിപ്രായമത്രേ. എന്നാൽ, യു.ഡി.എഫിലേക്ക് തിരികെ പ്രവേശിക്കുമോ, ഇടതുമുന്നണിയിലേക്കാണോ എന്നതിനെക്കുറിച്ച് ഒരു സൂചനയും നേതാക്കൾ നൽകുന്നില്ല. മുന്നണി ഏതായാലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റുകൾ, മത്സരിച്ച സീറ്റുകൾ, മുമ്പ് മത്സരിച്ച ശേഷം കോൺഗ്രസിന്റെ കൈകളിലേക്ക് പോയ സീറ്റുകൾ എന്നിവിടങ്ങളിൽ ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കാനാണ് നീക്കം.
ചർച്ച തുടങ്ങുമ്പോൾ ഉപാധി പറയും
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ധാരണ പാലിക്കാത്തതിനാൽ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയത് തിടുക്കപ്പെട്ടെടുത്ത തീരുമാനമായാണ് കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. അതിനിടെ ദേശീയ നേതൃത്വം യു.ഡി.എഫ് തീരുമാനത്തോട് കടുത്ത വിയോജിപ്പും രേഖപ്പെടുത്തി. സോണിയാഗാന്ധിയുടെ ദൂതൻ ജോസ്.കെ.മാണിയുമായി ബന്ധപ്പെടുന്ന സാഹചര്യവുമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് മുന്നണി പുനപ്രവേശന ചർച്ചകൾ ആരംഭിക്കുമെന്ന് ജോസ് വിഭാഗം കരുതുന്നുണ്ട്.
അത്തരത്തിൽ ചർച്ച നടന്നാൽ ജോസ് വിഭാഗം മുന്നോട്ടുവയ്ക്കുന്ന ഉപാധി ജോസഫ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാകും. ജോസഫ് വിഭാഗമുള്ള മുന്നണിയിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇല്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ, പുറത്താക്കിയതിലുള്ള നീരസമുണ്ടെങ്കിലും ഭൂരിപക്ഷം പാർട്ടി അണികൾക്കും നേതാക്കൾക്കും യു.ഡി.എഫിൽ തന്നെ തുടരാനാണ് താത്പര്യം. ചില നേതാക്കൾ ഉമ്മൻചാണ്ടിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും വിവരമുണ്ട്. ഇടതുമുന്നണിയിലേക്ക് പോയാൽ പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയും ജോസ് വിഭാഗത്തിനുണ്ട്.
ധാരണ തെറ്റിച്ച് വരണ്ട
മുന്നണിയ്ക്ക് പുറത്തുള്ള ശത്രുക്കളുടെ നീക്കങ്ങൾ തിരിച്ചറിയാൻ സാധിക്കും, എന്നാൽ, കൂട്ടത്തിലുള്ള ഒരു വിഭാഗം തന്നെ എതിരായി വരുന്നത് മനസിലാക്കാൻ പ്രയാസമാണ്. തമ്മിൽതല്ല് ഉണ്ടാവാതിരിക്കാൻ രണ്ടിലൊരു കേരള കോൺഗ്രസ് ഉള്ളതാണ് മുന്നണിയ്ക്ക് നല്ലത്- ഇത് എ.ഐ.സി.സി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താനാണ് ജോസ് വിഭാഗം ശ്രമിക്കുന്നതെന്ന് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് 'ഫ്ളാഷി'നോട് പറഞ്ഞു. രണ്ട് എം.പിമാർ തങ്ങൾക്കൊപ്പം ഉള്ള പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഒപ്പം നിൽക്കുമെന്നാണ് ജോസ് വിഭാഗം കണക്കുകൂട്ടുന്നത്.
അതേസമയം, ജോസ് വിഭാഗം മുന്നണിയിലേക്ക് മടങ്ങിവരുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ, കോട്ടയം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ധാരണ പാലിക്കണം. അത് എപ്പോഴെങ്കിലും പാലിച്ചാൽ പോരാ ഉടൻ പാലിക്കുക തന്നെ വേണം. ധാരണ പാലിക്കാതെ മുന്നണിയിലേക്ക് കടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ജോസഫ് ഗ്രൂപ്പിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.