മുംബയ് : കൊവിഡ് കാരണം മാറ്റിവച്ചിരിക്കുന്ന ഇത്തവണത്തെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി​ ബി.സി.സി.ഐയുടെ ഉന്നതതലയോഗം ഇന്ന് ചേരും. ഐ.പി.എൽ സെപ്തംബർ -ഒക്ടോബർ മാസങ്ങളിലായി യു.എ.ഇയിൽ നടത്താൻ സാദ്ധ്യതയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പും യു.എ.ഇയിൽ തന്നെ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ആഭ്യന്തര ടൂർണമെന്റുകൾ ആരംഭി​​ക്കുന്നത് ഉൾപ്പടെ 11 ഇന അജണ്ടയാണ് യോഗത്തി​നുള്ളത്. സെപ്തംബറിൽ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിൽ നടത്താനിരിക്കുന്ന മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി -20 കളുടെയും പര്യടനം മാറ്റിവച്ചേക്കുമെന്ന് സൂചന.ഇന്ത്യൻ ടീമിന് ഇൗ പരമ്പരകൾക്കായി തയ്യാറെടുക്കാൻ സമയം കിട്ടാത്തതും ആ സമയത്ത് ഐ.പി.എൽ നടത്തേണ്ടിവരുമെന്നതുമാണ് പര്യടനം മാറ്റാൻ ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്നത്. ആഗസ്റ്റിലെ ന്യൂസിലാൻഡ് എ ടീമിന്റെ പര്യടനവും മാറ്റേണ്ടിവരും. ഇക്കാര്യങ്ങളും ബി.സി.സി.ഐ ഉന്നതതലയോഗം ചർച്ച ചെയ്യും.