pic

ന്യൂഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റും അദ്ദേഹത്തിന്റെ കൂടെയുളള 18 എം.എൽ.എമാരും തങ്ങളെ അയോഗ്യരാക്കിയ സ്പീക്കർ സി.പി ജോഷിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. നിയമസഭയിൽ ഇല്ലാത്ത കോൺഗ്രസ് നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ തങ്ങളെ അയോഗ്യരാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ പെെലറ്റ് ഹൈക്കോടതിയെ സമീപിച്ചത്.

അശോക് ഗെലോട്ടുമായുളള തർക്കതിന് പരിഹാരം കാണാനാണ് സച്ചിൻ പെെലറ്റ് ഹെെക്കോടതിയെ സമീപിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. സച്ചിൻ പെെലറ്റിനെയും മറ്റു പതിനെട്ട് എം.എൽ.എമാരെയും അയോഗ്യരാക്കിയാൽ നിയമസഭ ദുർബലപെടുമെന്നാണ് അശോക് ഗെലോട്ട് കരുതുന്നത്. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചെങ്കിലും അപേക്ഷയിൽ ഭേദഗതി വരുത്താൻ സച്ചിൻ പെെലറ്റിന്റെ അഭിഭാഷകൻ സമയം തേടി. തുടർന്ന് വെെകുന്നേരം അഞ്ച് മണിയോടെ വാദം പുനരാരംഭിച്ചു. ഹർജിയിൽ രാജസ്ഥാൻ നിയമസഭയുടെ നിയമങ്ങളെ ചോദ്യം ചെയുന്നതിനാൽ ജസ്റ്റിസ് സതീഷ് ശർമ്മ കേസ് ഡിവിഷൻ ബഞ്ചിലേക്ക് മാറ്റി.ഡിവിഷൻ ബെഞ്ചിന് മാത്രമേ നിയമങ്ങളേയും ഭേദഗതികളേയും ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കാനാകുവെന്നും കോടതി വ്യകതമാക്കി.

ഭരണഘടന പ്രകാരം ഒരു അംഗം സ്വമേധയാ രാഷ്ട്രീയ പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ മാത്രമെ അദ്ദേഹത്തെ അയോഗ്യനാക്കാനാകു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വാധീനത്തെ തുടർന്നാണ് സ്പീക്കറുടെ നടപടിയെന്നും സച്ചിൻ പെെലറ്റ് ആരോപിച്ചു. പാർട്ടിയിലെ ചില അംഗങ്ങളുടെ ചില നയങ്ങളോടും തീരുമാനങ്ങളോടും വിയോജിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായി കണക്കാക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.