covid

മോസ്കോ: തങ്ങളുടെ പരീക്ഷണ വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കാനൊരുങ്ങി റഷ്യ. ദേശീയ തലത്തിൽ ഈ വർഷം തന്നെ 3 കോടി വാക്സിൻ ഡോസുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ചർച്ച തുടങ്ങിയതായാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങൾക്കായി 170 ദശലക്ഷം വാക്സിൻ ഡോസുകളും വികസിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മേധാവിയാണ് വാക്സിന്റെ ഉത്പാദനം തുടങ്ങുമെന്ന കാര്യം അറിയിച്ചത്. കഴിഞ്ഞാഴ്ചയാണ് 38 പേരിൽ ഒരുമാസം നീണ്ട വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഈ വാക്സിൻ സുരക്ഷിതമാണെന്നും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുമെന്നും റഷ്യൻ ഗവേഷകർ പറഞ്ഞിരുന്നു. വാക്സിൻ ട്രയലിന്റെ മൂന്നാം ഘട്ടം ഓഗസ്റ്റിൽ തുടങ്ങുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറൈൽ ഡിമിട്രീവ് പറഞ്ഞു. നിലവിൽ ആദ്യ ട്രയലിൽ തന്നെ ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റിൽ റഷ്യയിലും സെപ്റ്റംബറിൽ മറ്റു ചില രാജ്യങ്ങളിലും വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 100 ലേറെ വാക്സിൻ ഗവേഷണങ്ങളാണ് കൊവിഡിന് തടയിടാനായി ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ബ്രിട്ടനിലെയും ചൈനയിലെയും ഓരോ വാക്സിനുകൾ വീതം മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ് ( മൂന്നാം ഘട്ടം ). റഷ്യൻ വാക്സിന്റെ മൂന്നാം ഘട്ട ഹ്യൂമൻ ട്രയൽ റഷ്യയിലും രണ്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും നടക്കുമെന്നും ഡിമിട്രീവ് പറയുന്നു. ഓഗസ്റ്റ് 3ന് പൂർത്തിയാകുന്ന 100 പേരിലുള്ള രണ്ടാം ഘട്ട ട്രയൽ പൂർത്തിയായതിന് ശേഷമാകും ഇത്.