തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ കെ.ഇ.എ.എം എൻട്രൻസ് പരീക്ഷ എഴുതാനെത്തിയെ വിദ്യാർത്ഥികൾ തിക്കിലും തിരക്കിലുമായി നടന്നുനീങ്ങുന്ന ചിത്രങ്ങൾ പുറത്ത്. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയ ശേഷം കൂട്ടം കൂട്ടമായി നടന്നുനീങ്ങുന്നത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നതെന്ന് പറയപ്പെടുന്ന പ്രവേശന പരീക്ഷകൾക്ക് പിന്നിലെ യാഥാർഥ്യമാണ് ഇതോടെ പുറത്തുവരുന്നത്. കേരളം, മുംബയ്, ന്യൂ ഡൽഹി, ദുബായ് എന്നിവിടങ്ങളിലെ 343 സെന്ററുകളിലൂടെ 1.03 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനായി എത്തിയത്.
ഇവർക്കുവേണ്ടി കെ.എസ്.ആർ.ടി.സി വാഹന സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും കൂടുതൽ പേരും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചാണ് പരീക്ഷ എഴുതാനായി എത്തിയത്.
ഏതായാലും, 'പഴുതില്ലാത്ത സുരക്ഷ'യുടെ പിൻബലത്തിൽ നടത്തപ്പെടുന്നത് എന്ന് പറയപ്പെടുന്ന പ്രവേശന പരീക്ഷയുടെ തിരുവനന്തപുരത്തെ കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ മാത്രം 339 പേർക്കാണ് രോഗം വന്നത്. 301 സമ്പർക്ക രോഗികളാണ് ഇന്ന് തിരുവനന്തപുരത്ത് ഉള്ളത്. ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കവിയുകയും ചെയ്തുകഴിഞ്ഞു.