ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷവും മരണം കാൽലക്ഷവും കടന്നു. പ്രതിദിന കേസുകൾ തുടർച്ചയായ രണ്ടാംദിവസവും 32,000 കടന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. 11,000ത്തിലേറെ. ഡൽഹിയിൽ 3500, തമിഴ്നാട്ടിലും ഗുജറാത്തിലും രണ്ടായിരവും വീതം മരണം റിപ്പോർട്ട് ചെയ്തു.
വെറും മൂന്നുദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ നിന്ന് 10 ലക്ഷമെത്തിയത്. ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 117 ദിവസമെടുത്താണ് രോഗികൾ ഒരു ലക്ഷമെത്തിയത്. പിന്നീട് അഞ്ചുലക്ഷമെത്താൻ 39 ദിവസമെടുത്തു. എന്നാൽ അഞ്ചുലക്ഷത്തിൽ നിന്ന് 10 ലക്ഷമെത്താൻ 20 ദിവസം മാത്രമാണെടുത്തത്. മൂന്നുദിവസം കൂടുമ്പോൾ ഒരു ലക്ഷം പുതിയ രോഗികൾ എന്ന നിലയിൽ രാജ്യത്തെ കൊവിഡ് സ്ഥിതി അതിതീവ്രമാകുകയാണ്. നിലവിൽ ആഗോളപട്ടികയിൽ മൂന്നാമതും മരണങ്ങളിൽ എട്ടാമതുമാണ് ഇന്ത്യ.