pic

ലോകത്ത് നിരവധി ആളുകളാണ് ശ്വാസകോശാർബുദം വന്ന് മരിക്കുന്നത്. മനുഷ്യന്റെ ജീവന് തന്നെ ആപത്തായ ഈ മാരക രോഗം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി രോഗം അതിന്റെ പൂർണ്ണ അവസ്ഥയിൽ എത്തുമ്പോൾ മാത്രമെ പ്രകടമാകാറുളളു. സ്ഥിരമായ ചുമ, ശ്വാസതടസ്സം, നെഞ്ചു വേദന, സന്ധി വേദന, ഇടയ്ക്കിടെ തലവേദന, ചുമയ്ക്കുമ്പോൾ രക്തം വരിക എന്നിവയാണ് ശ്വാസകോശാർബുദത്തിന്റെ ചില ലക്ഷണങ്ങൾ. ശ്വാസകോശാർബുദം വരാതിരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.


പുകവലി അവസാനിപ്പിക്കുക.
അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലിയെന്നാണ് ലോകാരോഗ്യ സംഘടന സഹിതം വ്യക്തമാക്കിയിട്ടുളളത്. ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളാണ് കാൻസർ ബാധിച്ച് ലോകത്ത് മരിക്കുന്നത്. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്. ഇതിനാൽ തന്നെ പുകവലി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

മറ്റുളളവർ വലിച്ചു പുറത്തേക്ക് വിടുന്ന പുക ശ്വസിക്കാതിരിക്കുക.
പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുകയെന്നത്. ഇത്തരത്തിൽ ശ്വസിച്ചാൽ ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അത് കാരണമാകും.

പരിസര മലിനീകരണം കുറയ്ക്കുക.

അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ ഫേസ്മാസ്ക് ധരിക്കണം. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും നിങ്ങൾ ഉറപ്പാക്കണം.

കൃത്യമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ വലിയ മാറ്റം വരുത്തും. കൃത്യമായ സമയത്ത് ആഹാരം കഴിക്കുക, അതോടൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്തണം.

കൃത്യമായ വ്യായാമം

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.

രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

ശ്വാസകോശാർബുദം സംബന്ധിച്ച് വരാൻ സാദ്ധ്യതയുളള രോഗലക്ഷണങ്ങൾ മുൻകൂട്ടി കാണുക. വേണ്ട പരിശോധനകൾ നടത്തി ആവശ്യമുളള ചികിത്സ യഥാസമയം തേടണം.