തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ കരിമണൽ സ്വദേശി ജയ്‌ഘോഷിനെയാണ് കാണാതായത്. ഇന്നലെ മുതലാണ് ഇയാളെ കാണാതായതെന്ന് ബന്ധുക്കൾ തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭാര്യ വീട്ടിൽ നിന്നാണ് കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇയാൾക്ക് അനുവദിച്ചിരുന്ന പിസ്റ്റൾ വട്ടിയൂർക്കാവ് പൊലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു.വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ ദിവസം കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ജയ്ഘോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തതാണെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്.
അതേസമയം, തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയായിരുന്ന റഷീദ് ഖാമീസ് അൽ അഷ്‌മി ഇന്ത്യ വിട്ടു. രണ്ട് ദിവസം മുമ്പാണ് അറ്റാഷെ ഡൽഹിയിൽ നിന്നും യു.എ.ഇയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാൾ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. അറ്റാഷെയുടെ സഹായം സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സർക്കാർ വൃത്തങ്ങൾ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.
അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനിരിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്.സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.