swapna-suresh

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ. സ്വപ്ന ബംഗളൂരുവിലേക്ക് കടക്കും മുമ്പ് സരിത്തിന്റെ വീട്ടിലെത്തിയിരുന്നെന്ന് അഭിഭാഷകൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സരിത്തിന്റെ വീട്ടിലെ കസ്റ്റംസ് റെയിഡിന് തൊട്ടുപിന്നാലെയാണ് സ്വപ്ന എത്തിയത്.

'സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം, സ്വപ്ന വിളിച്ചത് പ്രകാരം അവർക്കൊപ്പം സരിത്തിന്റെ വീട്ടിൽ പോയി. കൂടെ സ്വപ്നയുടെ ഭർത്താവും മക്കളുമുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് കസ്റ്റംസ് റെയിഡ് നടത്തിയ വിവരം അറിയുന്നത്. സരിത്തിന്റെ അമ്മ സ്വപ്നയെ കെട്ടിപ്പിടിച്ചു. മകനെ മടക്കി കൊണ്ടുവരുമെന്ന് പറഞ്ഞ് സ്വപ്ന സരിത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു'- അഭിഭാഷകൻ പറഞ്ഞു.

സ്വപ്ന സരിത്തിന്റെ വീടിനകത്തേക്ക് കയറിയിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു. അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദ്ധാനം ചെയ്ത് ഡി.ജി.പി എൻ.ഐ.എയ്ക്ക് കത്തയച്ചു.