തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല. സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലായ് 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പകരം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈൽ എ.ടി.എം സൗകര്യം ഏർപ്പെടുത്തും. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവ മിൽമ എത്തിക്കും. മൊബൈൽ മാവേലി സ്റ്റോർ സൗകര്യം പ്രദേശത്ത് ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.